തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ആവേശകരമായ ജയം. നാല് വിക്കറ്റിനാണ് സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ലയണ്‍സ് ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ 49.2 ഓവറില്‍ മറികടക്കുകയായിരുന്നു.

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളെജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ അലക്സ് ഡേവിസിന്റെ സെഞ്ചുറി മികവിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലയൺസ് 255 റൺസ് നേടി. ബോർഡ് പ്രസിഡന്റ്സ് ഇലവന് വേണ്ടി മായങ്ക് മാർഖണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ബോർഡ് പ്രസിഡന്റ്സ് ഇലവന് ലഭിച്ചത്. സ്കോർ 94ൽ നിൽക്കെ ഓപ്പണർ ഇഷാനെ നഷ്ടമായെങ്കിലും റിതുരാജ് ഗേക് വാദ് സെഞ്ചുറി തികച്ചു (125 പന്തില്‍ 110). പിന്നാലെ എത്തിയ റിക്കി ഭുയിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബോർഡ് പ്രസിഡന്റ്സ് ഇലവൻ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

അവസാന ഓവറുകളിൽ പ്രസിഡന്റ്സ് ഇലവൻ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും അവസാന ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനായി സാക് ചാപ്പെല്‍ മൂന്ന് വിക്കറ്റും ലെവിസ് ഗ്രിഗറി, ജാമി ഓവര്‍ട്ടണ്‍, ഡൊമിനിക് ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ