തിരുവനന്തപുരം: ഇംഗ്ലണ്ട് ലയൺസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. 60 റൺസിനാണ് ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ എ ഉയർത്തിയ 172 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ലയൺസ് 31 ഓവറിൽ 112 റൺസെടുക്കുന്നതിനിടയിൽ പുറത്താവുകയായിരുന്നു. ഇന്ത്യ എയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിലെ മികവ് ഇന്ന് ആവര്‍ത്തിക്കാന്‍ ആകാതെ വന്ന ഇന്ത്യ എയുടെ മുന്നേറ്റം പരാജയമായിരുന്നു. ഓപ്പണറും നായകനുമായ അജിങ്ക്യ രഹാനെ റണ്ണൊന്നും എടുക്കാതെ മടങ്ങിയപ്പോള്‍ വിലക്ക് കഴിഞ്ഞെത്തിയ കെ.എല്‍.രാഹുല്‍ 13 റണ്‍സ് മാത്രമാണെടുത്തത്.

മധ്യനിരയില്‍ 30 റണ്‍സെടുത്ത ഇഷാന്‍ കിഷനും വാലറ്റത്ത് 39 റണ്‍സെടുത്ത ചാഹറുമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. വിഹാരി 16 റണ്‍സും ശ്രേയസ് അയ്യര്‍ 13 റണ്‍സും മാത്രമാണെടുത്തത്. ക്രുണാല്‍ പാണ്ഡ്യ 21 റണ്‍സെടുത്തു. ഇതോടെ ആദ്യ ഏകദിനങ്ങളിൽ 300 കടന്ന ഇന്ത്യ എയുടെ മൂന്നാം ഏകദിനത്തിലെ സ്കോർ 172ൽ അവസാനിച്ചു.

എന്നാൽ ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആധിപത്യം തുടർന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ലയൺസിന് പന്തെറിഞ്ഞ ഇന്ത്യൻ താരങ്ങൾ ഒരു റൺസിന് ഓപ്പണർ അലക്സ് ഡേവിസിനെ മടക്കി. പിന്നാലെ വിൽ ജാക്സും സാം ബില്ലിങ്സും മടങ്ങിയതോടെ ഇംഗ്ലണ്ട് പതറിയെങ്കിലും ബെൻ ഡക്കറ്റ് പ്രതീക്ഷ നൽകി. എന്നാൽ ബെൻ ഡക്കറ്റിനെ മടക്കി ക്രുണാൽ പാണ്ഡ്യ ഇന്ത്യക്ക് പ്രതീക്ഷ നൽകി.

വാലറ്റം തകർന്നടിഞ്ഞതോടെ ഇംഗ്ലണ്ട് ലയൺസ് 112 റൺസിന് പുറത്ത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ എ പരമ്പരയും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook