ലണ്ടന്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ അംഗീകാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി ഇംഗ്ലീഷ് ഇതിഹാസ പേസര്‍ ബോബ് വില്ലിസ്. തീരുമാനം അസംബന്ധമാണെന്നായിരുന്നു വില്ലിസിന്റെ പ്രതികരണം.
വിദേശ താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനേയും വില്ലിസ് എതിര്‍ത്തു. അഭ്യന്തര താരങ്ങളുടെ വളര്‍ച്ചയെ അത് തടയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ”വിദേശ താരങ്ങള്‍ കൗണ്ടി കളിക്കുന്നതിനെ അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. അത് യുവതാരങ്ങള്‍ക്ക് ഗുണമാകില്ല” അദ്ദേഹം പറയുന്നു.
വിരാടിനെ കളിപ്പിക്കാനുള്ള കൗണ്ടി ടീമായ സര്റേയുടെ തീരുമാനത്തെ അദ്ദേഹം നിശിതമായാണ് വിമര്‍ശിക്കുന്നത്. ”അവര്‍ വിരാടിനെ കളിപ്പിക്കുകയാണ്. അദ്ദേഹം ഇവിടെ അഞ്ച് മൽസരങ്ങളില്‍ നന്നായി സ്കോര്‍ ചെയ്താല്‍ മതി. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അത് സാധിച്ചാല്‍ അദ്ദേഹത്തിന് വളരെയധികം ഉപകരിക്കും” വില്ലിസ് അഭിപ്രായപ്പെട്ടു.
‘കോഹ്ലി ഇംഗ്ലണ്ടില്‍ കളിക്കാന്‍ ബുദ്ധിമുട്ടണം. കഷ്ടപ്പെടണം. മുമ്പേത്തേതു പോലെ. വിദേശീയരെ ഇവിടെ കളിക്കാന്‍ സമ്മതിക്കുന്നതിലൂടെ നമ്മുടെ ടീം തോല്ക്കാന് പാടില്ല” ഇതിഹാസ താരം അഭിപ്രായപ്പെടുന്നു. ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് വില്ലിസിന്റെ പ്രകടനം.
മൂന്ന് ഏകദിനങ്ങളും ട്വന്റി-20യും അഞ്ച് ടെസ്റ്റുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. അതിന് മുന്നോടിയായി അയര്‍ലന്‍ഡിനേയും അഫ്ഗാനിസ്ഥാനേയും ഇന്ത്യ നേരിടുന്നുണ്ട്. ജൂണ്‍ 18 ഇന്ത്യയില്‍ വച്ചു തന്നെയാണ് ഇന്ത്യ-അഫ്ഗാന് ടെസ്റ്റ്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മൽസരമാകുമിത്.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി സാഹചര്യങ്ങളെ മനസിലാക്കുകയാണ് വിരാടിന്റെ ലക്ഷ്യം. ഇംഗ്ലണ്ടില്‍ കളിച്ച അഞ്ച് ടെസ്റ്റില്‍ നിന്നും 134 റണ്‍സ് മാത്രമാണ് വിരാടിന്റെ സമ്പാദ്യം.