ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബെയ്നിൽ നടന്ന ആദ്യ ആഷസ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന് ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്റുകളിൽ നിന്ന് എട്ട് പോയിന്റ് നഷ്ടമാകും. നേരത്തെ അഞ്ച് പോയിന്റ് നഷ്ടമാകും എന്നായിരുന്നു റിപ്പോർട്ട്, എന്നാൽ എട്ട് പോയിന്റുകളാണ് നഷ്ടമാകുകയെന്ന് ഐസിസി വെള്ളിയാഴ്ച വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇംഗ്ലണ്ട് അഞ്ച് കുറച്ചാണ് ബോൾ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് 100 ശതമാനം മാച്ച് ഫീയും അഞ്ച് ഡബ്ല്യുടിസി പോയിന്റും പിഴ ചുമത്തിയതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇംഗ്ലണ്ടിന് എട്ട് ഓവർ കുറവായിരുന്നു (നേരത്തെ പ്രഖ്യാപിച്ചത് പോലെ 5 ഓവറുകൾ കുറവല്ല) തുടർന്നാണ് പോയിന്റ് എട്ടായി ഉയർത്തിയത്. അതേസമയം, മാച്ച് ഫീയുടെ പരമാവധി പിഴ ചുമത്തിയതിനാൽ അതിൽ മാറ്റമില്ല.
പിഴ പോയിന്റുകൾക്ക് പരിധി നിശ്ചയിക്കാത്തതിനാൽ ഓരോ ഓവർ കുറവിനും ഓരോ പോയിന്റ് വീതം പിഴ ചുമത്തുമെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി.
കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചട്ടങ്ങൾ അനുസരിച്ചു മത്സരത്തിലെ ഓരോ കുറഞ്ഞ ഓവറുകൾക്കും ചാമ്പ്യൻഷിപ് പോയിന്റിൽ നിന്നും ഓരോ പോയിന്റ് കുറയ്ക്കുകയും ചെയ്യും.
ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ഈ എട്ട് പോയിന്റുകളുടെ നഷ്ടം. അഡ്ലെയ്ഡിൽ ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിലും പതറുകയാണ് ടീം.