ഗോള്‍: രാജ്യാന്തര ക്രിക്കറ്റിലെ തന്റെ വിരമിക്കൽ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ലങ്കന്‍ താരം രങ്കണാ ഹെറാത്തിന് ആദരവുമായി ഇംഗ്ലണ്ട് താരങ്ങൾ. ലങ്കൻ നിരയിലെ പത്താമനായി ബാറ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ നേതൃത്വത്തില്‍ ഹെറാത്തിനെ മൈതാനത്തേക്ക് ഗാര്‍ഡ് ഓഫ‌് ഓണര്‍ നല്‍കി താരങ്ങള്‍ സ്വീകരിച്ചത്.

മൈതാനത്തേക്ക് എത്തിയ ഹെറാത്തിനെ ഹസ്തദാനം നൽകി ജോ റൂട്ട് പിച്ചിലേക്ക് നയിച്ചു. ഒന്നാം ഇന്നിങ്സിൽ ടീം സ്കോർ 175ൽ നിൽക്കെ ഒമ്പതാം വിക്കറ്റും വീണതോടെയാണ് ഹെറാത്ത് ക്രിസിലേക്ക് എത്തുന്നത്. 16 പന്തുകൾ നേരിട്ട ഹെറാത്ത് 14 റൺസ് നേടി പുറത്താകാതെ നിന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ സ്ഥാനം ഉറപ്പിച്ച ശേഷമാണ് ഹെറാത്ത് ക്രീസ് വിടാനൊരുങ്ങുന്നത്. 1999 ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഹെറാത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി 430 വിക്കറ്റുകളാണ് ശ്രീലങ്കക്കായി ഇടം കൈയ്യൻ സ്പിന്നർ വീഴ്ത്തിയത്. ശ്രീലങ്കൻ ടെസ്റ്റ് ടീം നായകനായും ഹെറാത്ത് കളിച്ചിട്ടുണ്ട്.

Read Also: ഗോളിൽ വിക്കറ്റ് സെഞ്ചുറിയുമായി ഹെറാത്ത്; ചരിത്രമെഴുതി വിരമിക്കൽ ടെസ്റ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടത്തിലെത്തുന്ന ആദ്യ ഇടം കൈയ്യൻ സ്പിന്നറാണ് ഹെറാത്ത്. ഇപ്പോൾ ഗോളിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ തന്റെ വിരമിക്കൽ മത്സരത്തിലും താരം മറ്റൊരു റെക്കോർഡുകൂടി കുറിച്ചിരുന്നു. ഒരു സ്റ്റേഡിയത്തിൽ നൂറ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മൂന്നാമത്തെ താരമായാണ് ഹെറാത്ത് മാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook