കൊൽക്കത്ത: കരുത്തരായ ബ്രസീലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പിന്രെ ഫൈനലിൽ കടന്നു. കൊൽക്കത്തയിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ 1 എതിരെ 3 ഗോളുകൾക്കാണ് ഇംഗ്ലണ്ട് ബ്രസീലിനെ തകർത്തത്. സ്പെയിൻ X മലി രണ്ടാം സെമിയിലെ വിജയിയെയാകും ഇംഗ്ലണ്ട് ഫൈനലിൽ നേരിടുക. സ്ട്രൈക്കർ ബ്ര്യൂസ്റ്ററിന്രെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് വിജയം ഒരുക്കിയത്.
ബ്രസീലിനായി ആർത്തുവിളിച്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ ആധികാരികമായ പ്രകടനമാണ് കണ്ടത്. മത്സരത്തിന്രെ 10 മിനുറ്റിൽതന്നെ റിഹാൻ ബ്രൂസ്റ്ററിന്ര ഗോളിലൂടെ ഇംഗ്ലംണ്ട് ലീഡ് എടുത്തു. എന്നാൽ മിനുറ്റുകൾക്കകം വെസ്ലിയുടെ ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു.
എന്നാൽ ആദ്യപകുതി അവസാനിക്കും മുൻപ് റിഹാൻ ബ്രൂസ്റ്റർ ബ്രസീലിന്റെ വലയിൽ ഒരിക്കൽക്കൂടി പന്തെത്തിച്ചു. 39 മിനുറ്റിൽ സുന്ദരമായൊരു ഫിനിഷിലൂടെയാണ് ബ്രൂസ്റ്റർ സ്കോർ 2-1 ആക്കിയത്.
ഗോൾ മടക്കാൻ ബ്രസീൽ വിയർത്തു കളിച്ചെങ്കിലും കളിമികവിൽ ഇംഗ്ലണ്ട് ഒരുപടി മുന്നിലായിരുന്നു. 77 മിനുറ്റിൽ മികച്ചൊരു ഫിനിഷിലൂടെ റിഹാൻ ബ്രൂസ്റ്റർ തന്റെ ഹാട്രിക്ക് തികച്ചു. മൂന്നാം ഗോൾ വീണതോടെ ബ്രസീൽ തളർന്നിരുന്നു.