പെർത്ത്: ആഷസ് പരമ്പരയിലേറ്റ നാണെകെട്ട തോൽവിക്ക് കണക്ക് തീർത്ത് ഇംഗ്ലണ്ട്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് പകരം വീട്ടിയത്. 5 മൽസരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മൽസരങ്ങളും വിജയിച്ച്കൊണ്ടാണ് ഇയോൺ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം വിജയം ആഘോഷിച്ചത്.

മൂന്നാം ഏകദിനത്തിൽ 16 റൺസിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 302 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 286 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറാണ് കളിയിലെ താരം.

83 പന്തിൽ നിന്നാണ് ബട്‌ലർ സെഞ്ചുറി കരസ്ഥമാക്കിയത്. 6 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറിന്രെ ഇന്നിങ്സ്. 36 പന്തിൽ 53 റൺസ് എടുത്ത ക്രിസ് വോക്ക്സ് ബട്‌ലർക്ക് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 62 റൺസ് എടുത്ത ആരോൺ ഫിഞ്ച് മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ മാർക്ക് വുഡിന്റെയും ക്രിസ് വോക്ക്സിന്റെയും പ്രകടനമാണ് ഓസ്ട്രേലിയയെ തടഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ