ചെന്നൈ: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. 227 റൺസിന്റെ തകർപ്പൻ ജയം സന്ദർശകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിനും വേദിയാകുന്നത് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ്. മത്സരത്തിനു മുന്നോടിയായി 12 അംഗ ഇംഗ്ലണ്ട് ടീമിനെ നായകൻ ജോ റൂട്ട് പ്രഖ്യാപിച്ചു.

നാല് പ്രധാന മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പേസിലെ കുന്തമുനകളായിരുന്ന ആർച്ചറും ആൻഡേഴ്സണും രണ്ടാം മത്സരത്തിൽ കളിക്കുന്നില്ല. സ്‌പിന്നർ ഡൊമിനിക് ബെസ്സും രണ്ടാം മത്സരത്തിനുള്ള ടീമിൽ ഇടം കണ്ടെത്തിയില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറാണ് ഒഴിവാക്കപ്പെട്ട മറ്റൊരു താരം.

Also Read: IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 292 താരങ്ങൾ

ബട്‌ലറിന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകാൻ കഴിയില്ല. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ താരങ്ങൾക്കുള്ള നിയന്ത്രണമാണ് ബട്‌ലറിനെ മാറ്റിനിർത്താൻ കാരണം. ആർച്ചറിന് പരുക്കാണ് വില്ലനായത്. എന്നാൽ ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ആൻഡേഴ്സണെയും ബെസ്സിനെയും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.

Also Read: IPL Auction: ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടിയ മലയാളി താരങ്ങൾ ആരൊക്കെ?

ഇംഗ്ലണ്ട് XII: ഡോം സിബ്ലി, റോറി ബേൻസ്, ഡാൻ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്പ്, ബെൻ ഫോക്സ്, മൊയിൻ അലി, ജാക്ക് ലീച്ച്, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ഒലി സ്റ്റോൻ

സ്റ്റുവർട്ട് ബ്രോഡും, ക്രിസ് വോക്സുമായിരിക്കും ആർച്ചറിന്റെയും ആൻഡേഴ്സന്റെയും അഭാവത്തിൽ ഇംഗ്ലിഷ് ബോളിങ് ഡിപ്പാർട്മെന്റിനെ നയിക്കുക. ബട്‌ലറിന് പകരം ബെൻ ഫോക്സ് വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിയും.

Also Read: ഐപിഎല്ലിൽ അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല: മുഹമ്മദ് അസഹ്റുദീൻ

അതേസമയം, ആദ്യ ടെസ്റ്റ് തോറ്റതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്‌ക്ക് നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ഫലം നിർണായകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook