ഓക്‌ലൻഡ്: ഇംഗ്ലീഷ്​ ക്രിക്കറ്റിന് ഇന്ന് കരിദിനമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിന് പുറത്തായ ഇംഗ്ലണ്ട് നാണക്കേടിന്റെ പടുകുഴിയിൽ വീണിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് മൽസരത്തിലായിരുന്നു ജോ റൂട്ടിന്റെ നേതൃത്വത്തിലുളള ഇംഗ്ലീഷ് ബാറ്റിങ് നിര തകർന്നടിഞ്ഞത്. കേവലം 58 റൺസിനാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് പുറത്തായത്.

ഓക്‌ലൻഡിലെ പച്ചപ്പുള്ള പിച്ചിൽ സ്വിങ് ബോളിങ്ങിന്റെ മാസ്മരികതയുമായി കളം നിറഞ്ഞ ട്രന്റ് ബോൾട്ടും ടിം സൗത്തിയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പച്ചപ്പുള്ള പിച്ചിൽ ആദ്യം പന്തെടുക്കാനുളള നായകന്റെ തീരുമാനത്തോട് ബോളർമാർ നൂറ് ശതമാനം നീതി പുലർത്തുകയായിരുന്നു.

ടീം സ്കോർ 6 റൺസിൽ നിൽക്കെ അലൈസ്റ്റർ കുക്കിനെ ടോം ലൈഥമിന്റെ കൈകളിലേക്ക് എത്തിച്ച് ട്രന്റ് ബോൾട്ട് ഇംഗ്ലീഷ് കുരുതിക്ക് തുടക്കം കുറിച്ചു. പിന്നാലെ എത്തിയ നായകൻ​ ജോ റൂട്ടിനെ അക്കൗണ്ട് തുറക്കും മുൻപേ ബോൾട്ട് മടക്കി. ബോൾട്ടിന്റെ തകർപ്പൻ ഒരു ഇൻസ്വിങ്ങർ റൂട്ടിന്രെ വിക്കറ്റ് തെറുപ്പിക്കുകയായിരുന്നു. 2 റൺസ് എടുത്ത ഡേവിഡ് മലാന്റെ വിക്കറ്റാണ് ബോൾട്ട് അടുത്തതായി സ്വന്തമാക്കിയത്. 11 റൺസ് എടുത്ത മാർക്ക് സ്റ്റോണിമനാണ് അടുത്തതായി വീണത്. ടിം സൗത്തിയുടെ പന്തിൽ വിക്കറ്റർ കീപ്പർ വി.ജെ.വാട്‌ലിങ്ങിന് ക്യാച്ച് നൽകിയാണ് സ്റ്റോണിമന്റെ മടക്കം.

വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ബെൻ സ്റ്റോക്ക്സിനും നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ബോൾട്ടിന്റെ തകർപ്പൻ ഒരു യോർക്കർ സ്റ്റോക്ക്സിന്റെ (0) വിക്കറ്റ് തകർക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ജോണി ബേസ്റ്റോവിന്റേതായിരുന്നു അടുത്ത ഊഴം. റിട്ടേൺ ക്യാച്ചിലൂടെ ടിം സൗത്തിയാണ് ബേസ്റ്റോവിനെ (0) മടക്കിയത്. മൊയീൻ അലിയും (0), ക്രിസ് വോക്ക്സും (5) വന്ന പോലെ മടങ്ങുകയായിരുന്നു.

സ്റ്റുവർട്ട് ബ്രോഡിനെ പുറത്താക്കാൻ കെയ്ൻ വില്യംസൺ എടുത്ത ക്യാച്ച് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്ലിപ്പിൽ നിന്ന വില്യംസൺ പറക്കും ക്യാച്ചിലൂടെയാണ് ബ്രോഡിനെ മടക്കിയത്. കൂട്ടപതനം ഇംഗ്ലണ്ടിനെ 27/9 എന്ന സ്കോറിലേക്ക് എത്തിച്ചു. എന്നാൽ വാലറ്റക്കാരൻ ക്രെയിഗ് ഒവേർട്ടൺ നടത്തിയ ചെറുത്ത് നിൽപ്പ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് ഒഴിവാക്കി. 25 പന്തിൽ 33 റൺസാണ് ഒവേർട്ടൺ നേടിയത്. ഒടുവിൽ ഓവേർട്ടണെ മടക്കി ട്രന്റ് ബോൾട്ട് ഇംഗ്ലണ്ട് ഇന്നിങ്ങ്സിന് തിരശീല ഇടുകയായിരുന്നു.

10 ഓവർ വീതം എറിഞ്ഞ ട്രന്റ് ബോൾട്ടും ടിം സൗത്തിയും മാത്രമാണ് ന്യൂസിലൻഡിനായി പന്തെറിഞ്ഞത്. 32 റൺസ് വഴങ്ങിയ ബോൾട്ട് 6 വിക്കറ്റും 25 റൺസ് വിട്ട്കൊടുത്ത സൗത്തി നാല് വിക്കറ്റുകളുമാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് മികച്ച തുടക്കമാണ് നേടിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് കിവികൾ നേടിയത്. 91 റൺസുമായി പുറത്താകാതെ നിൽക്കുന്ന കെയ്ൻ വില്യംസണാണ് കിവീസിന്റെ ടോപ് സ്കോറർ. 7 വിക്കറ്റ് ശേഷിക്കെ 117 റൺസിന്റെ ലീഡാണ് കിവീസിന് ഉളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ