ലണ്ടന്‍: ആദ്യ രണ്ട് ടെസ്റ്റിലേയും നാണക്കേടിന് മറുപടി പറയാനുറച്ചു തന്നെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് എത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 329 പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയായിരുന്നു. 161 റണ്‍സെടുത്താണ് ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ ഇന്ത്യ വീഴ്ത്തിയത്. അവസാന വിക്കറ്റില്‍ ആന്റേഴ്‌സണും ജോസ് ബട്ടലറും ഒരുമിച്ചില്ലായിരുന്നുവെങ്കില്‍ ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് 150 പോലും കാണില്ലായിരുന്നു.

അവസാന വിക്കറ്റില്‍ ജോസ് ബട്ട്‌ലര്‍ തകര്‍ത്തടിക്കുകയായിരുന്നു. 32 പന്തില്‍ നിന്നും രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. ബട്ട്ലറെ ഒടുവില്‍ ബുംമ്ര പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ ലീഡ് 168 റണ്‍സായിരുന്നു.

ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് തിളങ്ങിയത്. പാണ്ഡ്യയുടെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിതെന്നതും ശ്രദ്ധേയമാണ്. വെറും ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംമ്രയും രണ്ടു വിക്കറ്റെടുത്തു ഒപ്പം നിന്നു. ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

അലസ്റ്റയര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്റ്റോ (15), ബെന്‍ സ്റ്റോക്ക്സ് (10), ക്രിസ് വോക്സ് (8), ആദില്‍ റഷീദ് (5), സ്റ്റിയുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 329 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സന്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയെ 159 റണ്‍സിന്റെ കൂട്ടുകെട്ടില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കോലിയും രഹാനെയും ചേര്‍ന്നാണ്. 152 പന്ത് നേരിട്ട് കോലിക്ക് (97) മൂന്ന് റണ്‍സ് അകലെവച്ചാണ് സെഞ്ചുറി നഷ്ടമായത്. പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ രഹാനെ 131 പന്തില്‍ നിന്ന് 81 റണ്‍സെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ