മുംബൈ: അനിൽ കുംബ്ലെ രാജിവെച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. പുതിയ പരിശീലകനായുള്ള അപേക്ഷകളും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. രവിശാസ്ത്രിയും, വിരേന്ദർ സെവാഗുമുൾപ്പെടെ നിരവധി പ്രമുഖരാണ് പരിശീലകനാകാൻ അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ അപൂർവമായൊരു അപേക്ഷകനും എത്തിയിട്ടുണ്ട്. ഉപേന്ദ്രനാഥ് ഭട്ടാചാര്യ എന്നു പേരുള്ള ഒരു എൻജിനീയറാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുള്ള അപേക്ഷ സമർപ്പിച്ചത്.
സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് ഉപേന്ദ്രനാഥ് ഭട്ടാചാര്യ. പരിശീലകനാകാൻ അപേക്ഷ നൽകിയതിനെക്കുറിച്ച് ഉപേന്ദ്രനാഥ് പറയുന്നത് ഇങ്ങനെയാണ്.
കുംബ്ലെയുടെ രാജിക്ക് ശേഷമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഞാൻ ആഗ്രഹിച്ചത്, പരിശീലകനായി ഒരു ഇതിഹാസ താരത്തെ വിരാട് കോഹ്‌ലിക്ക് ആവശ്യമില്ല എന്നും അതിനാൽ താൻ ഈ പദവിക്ക് അർഹനാണ് എന്നും അദ്ദേഹം പറയുന്നു. വിരാട് കോഹ്‌ലിയുടെ പരുക്കൻ സ്വാഭാവം മാറ്റിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.
ഇനിയും ഇന്ത്യയുടെ മുതിർന്ന താരങ്ങളെ പരിശീലകനായി നിയമിച്ചാൽ കോഹ്‌ലിയും സംഘവും അപമാനിച്ച് പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. പരുക്കൻ സ്വാഭാവുള്ള താരങ്ങളെ മെരുക്കാൻ തനിക്ക് കഴിയുമെന്നും ഉപേന്ദ്രനാഥ് പറഞ്ഞു.
പരിശീലകനാകാൻ താൽപ്പര്യമുള്ളവർക്ക് ജൂലൈ 9 വരെ അപേക്ഷ സമർപ്പിക്കാം. ഇന്നലെയാണ് രവിശാസ്ത്രി പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ചത്.