കൊൽക്കത്ത: ഇന്ത്യൻ മണ്ണിൽ ഇംഗ്ലീഷ് പടയോട്ടം, കലാശപ്പോരിൽ സ്പാനിഷ്പ്പടയെ അരിഞ്ഞ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പിൽ മുത്തമിടുന്നത്. 2 ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ട് 5 ഗോൾ തിരിച്ചടിച്ച് കപ്പിൽ മുത്തമിട്ടത്. ഫുട്ബോൾ ആരാധകർക്ക് ഏറ്റവും മികച്ചൊരു മത്സരമാണ് ഇരു രാജ്യങ്ങളും കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ആദ്യമായാണ് കൗമാരലോകകപ്പ് കിരീടം നേടുന്നത്. ഇംഗ്ലണ്ടിനായി ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി.
കലാശപ്പോരിൽ ആരെയും അമ്പരപ്പിക്കുന്ന തുടക്കമാണ് സ്പെയിൻ നേടിയത്. ആദ്യ 30 മിനുറ്റ് പിന്നിടുമ്പോഴേക്കും ഇംഗ്ലണ്ട് 2 ഗോളിന് മുന്നിൽ എത്തിയിരുന്നു. സെർജിയോ ഗോമസാണ് സ്പെയിനിന്റെ രണ്ട് ഗോളുകളും നേടിയത്. ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച ഗോൾ നേടുന്നതിനായി മത്സരിച്ചതോടെ മത്സരം ആവേശകരമായി. ആദ്യ പകുതി അവസാനിക്കും മുൻപ് 44 മിനുറ്റിൽ ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് ഒരു ഗോൾ മടക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.
58 മിനുറ്റിൽ ഗിബ്സൺ വൈറ്റിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. തിരമാല പോലെ സ്പെയിൻ ഗോൾമുഖത്തേക്ക് പാഞ്ഞെത്തിയ ഇംഗ്ലണ്ട് വിജയഗോളിനായി വിയർത്തു കളിച്ചു. ടൂർണ്ണമെന്റിൽ ഇംഗ്ലണ്ടിന്റെ കുന്തമുനയായ ഫിൽ ഫോഡന്റേതായിരുന്നു അടുത്ത ഊഴം. 69 മിനുറ്റിൽ എണ്ണം പറഞ്ഞോരു ഫിനിഷിലൂടെ ഫോഡൻ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. 84 മിനുറ്റിൽ ഗുയേഹിയുടെ ഗോളിലൂടെ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു. 88 മിനുറ്റിൽ ഫിൽ ഫോഡൻ ഒരിക്കൽക്കൂടി ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് കൊൽക്കത്തൻ മണ്ണിൽ ചരിത്രമെഴുതി.
ഇത് നാലാം തവണയാണ് സ്പെയിൻ കൗമാരലോകകപ്പിന്റെ ഫൈനലിൽ തോൽക്കുന്നത്. ഇംഗ്ലണ്ടിനാകട്ടെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീട നേട്ടവുമാണ് ഇന്നത്തേത്. ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡനാണ് ടൂർണ്ണമെന്റിലെ മികച്ച താരം. ഇംഗ്ലണ്ടിന്റെ റിയാൻ ബ്യൂസ്റ്ററിനാണ് ഗോൾഡൻ ബൂട്ട്. ടൂർണ്ണമെന്റിലാകെ 8 ഗോളുകളാണ് ബ്യസ്റ്റർ നേടിയത്. ഫിഫ ഫെയർ പ്ലെ ട്രോഫി ആരാധകരുടെ പ്രിയ ടീമായ ബ്രസീലിനാണ് ലഭിച്ചത്.