ദശകത്തിലെ വനിത ക്രിക്കറ്റ് താരമായി ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി. ദശകത്തിലെ ഏകദിന വനിത ക്രിക്കറ്റ് താരം, ദശകത്തിലെ ടി 20 വനിത ക്രിക്കറ്റ് താരം എന്നീ പുരസ്കാരങ്ങളും എല്ലിസ് പെറിയുടെ പേരിൽ തന്നെ. അവാർഡിനായി പരിഗണിച്ച കാലഘട്ടത്തിൽ 4,349 റൺസ് നേടിയ പെറി 213 വിക്കറ്റുകളും സ്വന്തമാക്കി. നാല് തവണ ടി 20 ലോകകപ്പ് ചാംപ്യൻ, 2013 ൽ വനിത ക്രിക്കറ്റ് ലോകകപ്പ് ചാംപ്യൻ എന്നിവയും പെറിയുടെ പേരിലുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ 2013 ലെ വനിത ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റുകളാണ് പെറി വീഴ്‌ത്തിയത്.
ദശകത്തിലെ പുരുഷ ക്രിക്കറ്റ് താരമായി (സർ ഗാരി സോബേഴ്‌സ് അവാർഡ്) ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയാണ് തിരഞ്ഞെടുത്തത്. 2010 മുതൽ 2020 വരെയുള്ള പത്ത് വർഷക്കാലത്തെ മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്‌ലിയെ ദശകത്തിലെ ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. പുരസ്‌കാര കാലയളവിൽ മൂന്ന് ഫോർമാറ്റിലുമായി കോഹ്‍ലി 20,936 അന്താരാഷ്ട്ര റണ്‍സാണ് നേടിയത്. ഈ കാലയളവില്‍ 66 സെഞ്ചുറികളും 94 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
Read Also: ഒരേയൊരു കിങ്; ദശകത്തിലെ ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി, ഏകദിനത്തിലും താരം
ദശകത്തിലെ ടെസ്റ്റ് ക്രിക്കറ്റ് താരമായി (പുരുഷ ക്രിക്കറ്റ്) ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനെയാണ് തിരഞ്ഞെടുത്തത്. ഈ ദശകത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 65.79 ശരാശരിയോടെ 7,040 റൺസാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 26 സെഞ്ചുറികളും 28 അർധ സെഞ്ചുറികളും സ്‌മിത്ത് നേടിയിട്ടുണ്ട്.
ഐസിസിയുടെ ദശകത്തിലെ ടി 20 ക്രിക്കറ്റ് താരമായി അഫ്‌ഗാനിസ്ഥാന്റെ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. 12.62 ശരാശരിയിൽ 89 വിക്കറ്റുകളാണ് ഈ ദശകത്തിൽ റാഷിദ് ഖാൻ നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം, മൂന്ന് തവണ നാല് വിക്കറ്റ് നേട്ടവും റാഷിദ് ഖാന്റെ പേരിലുണ്ട്.
ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യയുടെ മുൻ നായകൻ എം.എസ്.ധോണിക്ക്. 2011 ലെ നോട്ടിങാം ടെസ്റ്റിൽ റൺഔട്ടായ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ ധോണി തിരിച്ചുവിളിച്ചതാണ് താരത്തെ ഈ പുരസ്കാരത്തിനു അർഹനാക്കിയത്. വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര വിജയികളെ തീരുമാനിച്ചത്.