മാഡ്രിഡ്‌: ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകര്‍ കാത്തിരിക്കുന്ന ദിവസമെത്തിയിരിക്കുന്നു. ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ലാ ലിഗയില്‍ ഏറ്റുമുട്ടുമ്പോള്‍ കാല്‍പ്പന്ത്‌ കളിയിലെ ഏറ്റവും വലിയ മൽസരത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ചിരവൈരികളായ ഇരുവരും തമ്മില്‍ കളിക്കുന്ന എല്‍ ക്ലാസ്സിക്കോയെ വിലയിരുത്തുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ വീക്ഷിക്കുന്ന കായിക മൽസരമായിട്ട് കൂടിയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് നടക്കുന്ന കളി അരങ്ങേറുന്നത് റയല്‍ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ്.

ലാ ലിഗ പതിനാറാമത്തേയും പതിനേഴാമത്തേയും റൗണ്ടില്‍ എത്തിനില്‍ക്കുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ 11 പോയിന്‍റ് പിന്നിലാണ് നാലാം സ്ഥാനത്തുള്ള സിദ്ദാന്‍റെ പട. വിജയത്തില്‍ കുറഞ്ഞൊന്നും മുന്നില്‍ കാണാതെയാണ് റയല്‍ മാഡ്രിഡ്‌ ഇറങ്ങുന്നത് എങ്കില്‍ ബാഴ്‌സലോണയ്ക്ക് സമ്മര്‍ദമില്ലാതെ കളിക്കാം എന്ന് കരുതേണ്ട, കാരണം ഇത് എല്‍ ക്ലാസിക്കോയാണ്. മുന്‍ എല്‍ ക്ലാസിക്കോകളില്‍ നിന്നും വിഭിന്നമായ ഒരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട് ഈ എല്‍ ക്ലാസിക്കോയ്ക്ക്. സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള കാറ്റലോണിയന്‍ നിലപാടിനെ ബാഴ്‌സലോണ നിരുപാധികം പിന്തുണയ്ക്കുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ സ്പാനിഷ് ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റയല്‍ മാഡ്രിഡ്‌ ആരാധകരും മുന്നോട്ട് വന്നിരുന്നു. ബാഴ്‌സലോണ അടങ്ങുന്ന കാറ്റലോണിയയുടെ രാഷ്ട്രീയ തീരുമാനം തുലാസില്‍ തുടരുമ്പോള്‍ നാളെ ബാഴ്‌സലോണ സ്പാനിഷ് ലീഗ് വിടുമോ എന്ന സംശയങ്ങള്‍ വരെ ഉയരുന്നുണ്ട്.

അധികം അഴിച്ചുപണികള്‍ ഇല്ലാതെയാകും സിദ്ദാന്‍റെ കുട്ടികള്‍ ഇന്ന്‍ മൈതാനത്തിലിറങ്ങുക. കെയ്‌ലര്‍ നവാസ് വല കാക്കുമ്പോള്‍ ഡാനി കര്‍വാഹല്‍, റാഫേല്‍ വാറനെ, സെര്‍ജിയോ റാമോസ്, മാര്‍സലോ എന്നിവര്‍ പ്രതിരോധനിരയിലും കാസ്മിറോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുമ്പോള്‍ ടോണി ക്രൂസ്, ലുക മോഡ്രിക്, ഇസ്കോ എന്നിവർ മധ്യനിരയെ ശക്തമാക്കും. കരീം ബെന്‍സീമയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ്‌ ഫിനിഷിങ്ങിന് മൂര്‍ച്ച കൂട്ടും. ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ലെങ്കിലും ഗാരത് ബേലിന്‍റെ വേഗതയും കരുത്തും ആതിഥേയര്‍ക്ക് മുതല്‍കൂട്ടാണ്.

സീസണിന്‍റെ തുടക്കത്തില്‍ ഒന്ന് പതറിയ ഏര്‍ണസ്റ്റോ വാല്‍വെര്‍ഡോയുടെ ബാഴ്‌സലോണ സഖ്യം ഇപ്പോള്‍ താളം വീണ്ടെടുത്തിരിക്കുന്നു. ടെര്‍ സ്റ്റെഗെന്‍ അതിഥികളുടെ വല കാക്കുമ്പോള്‍ സെര്‍ജിയോ റോബര്‍ട്ടോ പിക്വെ, വെര്‍മേലങ, അല്‍ബ എന്നിവര്‍ പ്രതിരോധത്തിലും ബസ്ക്വെറ്റ്സ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡും, ഇനിയസ്റ്റ, റാകിറ്റിച്ച് എന്നിവരോടൊപ്പം പോളീഞ്ഞോ അറ്റാകിങ് മിഡ്ഫീല്‍ഡിലും മുന്നേറ്റനിരയില്‍ സൂപ്പര്‍ താരങ്ങളായ സുവാരസ്, മെസ്സി എന്നിവരും കൂടിയാകുമ്പോള്‍ ബാഴ്‌സലോണയുടേത് മികച്ചൊരു നിര. ഇരുടീമുകളും 4-4-2 ഫോര്‍മേഷനിലാകും കളിക്കുക.

ഇതുവരെയുണ്ടായിട്ടുള്ള 269 എല്‍ ക്ലാസിക്കോകളില്‍ 111 തവണ ബാഴ്‌സലോണയും 99 തവണ റയലും ജയിച്ചപ്പോള്‍ 59 തവണ സമനിലയും കണ്ടിട്ടുണ്ട്. എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോർഡ്‌ മെസ്സിക്കാണ്. 24 ഗോളുകളാണ് മെസ്സിക്കുള്ളത്. 17 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എല്‍ ക്ലാസിക്കോ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ