കാറ്റലോണിയ: വിങര്‍ മാല്ക്കമിന്റെ ഗോളില്‍ എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയ്ക്ക് റയല്‍ മാഡ്രിഡിനെതിരെ സമനില. കോപ്പാ ഡെല്‍റെയുടെ ആദ്യ പാത സെമിയില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് ഒപ്പത്തിനൊപ്പം കളി അവസാനിപ്പിക്കുകയായിരുന്നു.
കളി തുടങ്ങി ആറാം മിനുറ്റില്‍ തന്നെ നൗകാമ്പിനെ വാസ്കസിന്റെ ഗോളിലൂടെ റയല്‍ നിശബ്ദമാക്കി. തിരിച്ചടിക്കാന്‍ സുവരാസും സംഘവും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ ലക്ഷ്യം കണ്ടിട്ടില്ല. പലപ്പോഴും കെയ്ലര് നവാസ് റയലിന്റെ രക്ഷക്കെത്തി.
ആദ്യ പകുതിയില്‍ ബാഴ്സക്ക് ഒപ്പമെത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ 58-ാം മിനുറ്റില്‍ മാല്‍ക്കം ലക്ഷ്യം കണ്ടു. സുവാരസിന്റെ ഷോട്ട് റിബൗണ്ട് ചെയ്ത് വന്നപ്പോള്‍ മാല്‍ക്കം അവസരം മുതലെടുത്ത് ഗോളാക്കുകയായിരുന്നു.
സൂപ്പര്‍ താരം മെസിയില്ലാതെയായിരുന്നു ബാഴ്സ കളി ആരംഭിച്ചത്. അവസാന അരമണിക്കൂര്‍ മെസി മടങ്ങിയെത്തിയെങ്കിലും മുന്നിലെത്താന്‍ ബാഴ്സക്ക് സാധിച്ചില്ല. ഫെബ്രുവരി 27 ന് സാന്റിയാഗോ ബര്ണാബുവിലാണ് രണ്ടാം പാത സെമി അരങ്ങേറുക.