ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിന്റെ 18-ാം പതിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ മിക്സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും രവികുമാറും വെങ്കലം നേടി.
ഇൻഡോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിലും പലെബാങ്ങിലുമായാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ്. വർണ്ണവിസ്മയം നിറഞ്ഞുനിന്ന വേദിയിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോകോ വിധോധയാണ് ചടങ്ങ് ഉത്‌ഘാടനം ചെയ്തത്. ബാഡ്മിന്റൻ ഇതിഹാസം സൂസി സുശാന്തി ഗെയിംസ് ദീപശിഖ തെളിയിച്ചതോടെ എഷ്യൻ വൻകരയിൽ അങ്കതട്ടൊരുങ്ങി.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായിക മാമാങ്കത്തിന് ജക്കാർത്ത ഒരുങ്ങി കഴിഞ്ഞു. 45 രാജ്യങ്ങളിൽ നിന്നുമായി 11000 കായിക താരങ്ങളാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. ട്രാക്കിലും ഫീൽഡിലും തീപ്പൊരി പാറിക്കാൻ താരങ്ങളും തയ്യാറായി കഴിഞ്ഞു.
വൈവിധ്യങ്ങൾ ഒളിപ്പിച്ച് വെച്ച കലാപ്രകടനങ്ങളുടെ ഇടയിലേക്ക് ജോകോ വിധോധ ഒരു മോട്ടോർ ബൈക്കിൽ എത്തുകയായിരുന്നു. ദുഷ്‌പേര് കേട്ട രാജ്യത്തെ ട്രാഫിക്കിനെതിരെ ഒരു ബോധവത്കരണം എന്ന രീതിയിലായിരുന്നു പ്രസിഡന്റിന്റെ പ്രകടനം.
യുനെസ്ക്കോ പട്ടികയിൽ ഇടം പിടിച്ച സമാൻ നൃത്തരൂപത്തിലൂടെയായിരുന്നു പരിപാടികളുടെ തുടക്കം. 2200 കുട്ടികൾ അണിനിരന്ന നൃത്തപ്രകടനത്തിന്റെ ഇടയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാർച്ച് പാസ്ററ് ചെയ്ത് കാണികളെ അഭിവാദനം ചെയ്തു.
ത്രിവർണ്ണ പതാകക്ക് പിന്നിലായി ഇന്ത്യൻ താരങ്ങളും മാർച്ച് പാസ്റ്റിൽ അണിനിരന്നു. കോമൺ വെൽത്ത് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയായിരുന്നു ഇന്ത്യയുടെ പതാക വാഹകൻ ഇന്ത്യയിൽ നിന്നും 570 താരങ്ങളാണ് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്.
കൊറിയർ രാജ്യങ്ങൾ ഒന്നിച്ച് മത്സരിക്കുന്നു എന്നതാണ് ഈ ഏഷ്യൻ ഗെയിംസിന്റെ മറ്റൊരു പ്രത്യേകത. മൂന്ന് ഇനങ്ങളിൽ ദക്ഷിണ – ഉത്തര കൊറിയൻ ടീം ഒന്നിച്ച് മത്സരിക്കും. ബാസ്കറ്റ് ബോൾ, കനോയിങ്, ഡ്രാഗൺ ബോട്ട് റേസ് എന്നീ ഇനങ്ങളിലാകും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ഒന്നിച്ച് മത്സരിക്കുന്നത്.