സിഡ്നി: ഓസ്ട്രേലിയയില്‍ ഒളിമ്പിക്സിനെത്തിയ എട്ട് കാമറൂണ്‍ അത്‍ലറ്റുകളെ കാണാനില്ല. 24 പേരുളള സംഘത്തില്‍ നിന്നും അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ് കാണാതായതെന്ന് ടീം പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 8നാണ് മൂന്ന് പേരെ കാണാതായത്. ഏപ്രില്‍ 9ന് രണ്ട് പേരും ബാക്കിയുളളവര്‍ ഏപ്രില്‍ 10നുമാണ് അപ്രത്യക്ഷരായത്. എട്ട് പേരില്‍ രണ്ട് പേര്‍ മൽസരത്തില്‍ പങ്കെടുക്കാതെയാണ് പോയത്.

പോയവര്‍ തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്ന് ടീം ഉപസ്ഥാനപതി സൈമണ്‍ മലമ്പെ പറഞ്ഞു. ഓസ്ട്രേലിയന്‍ പൊലീസിനെയും ടീം അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. രാത്രി മറ്റുളളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അത്‌ലറ്റുകള്‍ പോയത്. മെയ് 15നാണ് അത്‌ലറ്റുകളുടെ വിസ കാലാവധി കഴിയുക. അതുകൊണ്ട് തന്നെ ഒരുമാസം കൂടി ഇവര്‍ക്ക് നിയമപരമായി ഇവിടെ തുടരാന്‍ കഴിയും. ക്വീൻസ്‌ലാൻഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ 15ന് ഗെയിംസ് സമാപിക്കും. ഏപ്രില്‍ 5ന് തുടങ്ങിയ ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നായി 4,500 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്.

1960ലാണ് കാമറൂണ്‍ ഫ്രാന്‍സിന്റെ കൈയ്യില്‍ നിന്നും മോചിതരായി റിപബ്ലിക് കാമറൂണായി മാറിയത്. രാജ്യത്തെ ഫ്രഞ്ച് സംസാരിക്കുന്ന ഭൂരിഭാഗത്തില്‍ നിന്നും പ്രതീകാത്മകമായ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് കാമറൂണില്‍ ശക്തമായ പ്രക്ഷോഭം നടന്നത്. മികച്ച വരുമാനവും ജീവിതവും തേടിയാവാം അത്‍ലറ്റുകള്‍ ഒളിച്ചോടിയതെന്നാണ് സംശയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ