പോയവർഷത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരത്തിനുളള പുരസ്ക്കാരം പ്രഖ്യാപിച്ചു. ഈജിപ്ത് താരം മുഹമ്മദ് സാലയാണ് പുരസ്ക്കാരത്തിന് അർഹനായത്. സെനഗൽ താരം സാഡിയോ മാനെ, ഗബോൺ താരം പെറിക് ഔബമയേങ് എന്നിവരെ പിന്തള്ളിയാണ് സാല പുരസ്ക്കാരം സ്വന്തമാക്കിയത്.

വോട്ടെടുപ്പിലൂടെയാണ് മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരത്തെ തിരഞ്ഞെടുത്തത്. വിജയിയായ മുഹമ്മദ് സാലയ്ക്ക് 625 വോട്ടുകളാണ് ലഭിച്ചത്. സാഡിയോ മാനയ്ക്ക് 507 ഉം, ഔബമയേങ്ങിന് 311 വോട്ടുകളുമാണ് ലഭിച്ചത്.

ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കാണ് മുഹമ്മദ് സാല വഹിച്ചത്. 28 വർഷത്തിന് ശേഷമാണ് ഈജിപ്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ ഈജിപ്ത് എത്തിയതും സാലയുടെ ചിറകിലേറിയാണ്.

ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് വേണ്ടിയാണ് മുഹമ്മദ് സാല കളിക്കുന്നത്. സീസണിലിതുവരെ 23 ഗോളുകൾ സാല നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ