കീവ്: ചാംപ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ ദയനീയമായി റയലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ വേദനിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി. ഈജിപ്‌തിനെ മുന്നിൽ നിന്ന് നയിക്കാൻ മുഹമ്മദ് സാലാ ഉണ്ടാകില്ല എന്നതാണ് സൂചന.

റാമോസിന്റെ കൈകൾക്കിടയിൽ കുരുങ്ങി മുഖമടിച്ച് മൈതാനത്ത് വീണ ലിവർപൂൾ താരത്തിന്റെ പരുക്ക് ഗുരുതരമുളളതാണെന്നാണ് വിവരം. ലിവർപൂൾ കോച്ച് ജോർഗൻ ക്ലോപ്പാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സാലായ്ക്ക് ലോകകപ്പിൽ കളിക്കാനാവുന്ന കാര്യം സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ ലിവർപൂളിന് വേണ്ടി 44 ഗോളുകൾ നേടിയ താരം 31-ാം മിനിറ്റിലാണ് പരുക്കേറ്റ് പുറത്തേക്ക് പോയത്. പരുക്കിന് ശേഷം തുടർന്ന് കളിക്കാൻ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സാലാ പുറത്തേക്ക് പോവുകയായിരുന്നു.

“വളരെ ഗുരുതരമായ പരുക്കാണ്,” ക്ലോപ് മാധ്യമങ്ങളോട് പറഞ്ഞു. തോളെല്ലിനോ, കഴുത്തെല്ലിനോ ആകാം പരുക്കേറ്റതെന്നും എന്തായാലും സാരമുളള പരിക്കാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്ക് പ്രധാനപ്പെട്ട താരത്തിനെ നഷ്ടമായി. അതുപോലെ ലോകകപ്പിനുളള ഈജിപ്ഷ്യൻ ടീമിനും അദ്ദേഹത്തെ നഷ്ടമായെന്ന് ക്ലോപ്പ് കൂട്ടിച്ചേർത്തു.

റോമയിൽ നിന്ന് ലിവർപൂളിലേക്ക് ചേക്കേറിയ ശേഷം താരത്തിന്റെ പ്രകടനം അദ്ദേഹത്തെ ലിവർപൂളിലെ ഒന്നാം നമ്പർ താരമാക്കി മാറ്റി. പിന്നാലെ സ്വന്തം രാജ്യത്തിലും അദ്ദേഹം ഏറെ പ്രശംസകൾ നേടി.

1990 ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ഈജിപ്ത് ഗ്രൂപ്പ് എയിൽ റഷ്യ, സൗദി, ഉറുഗ്വായ് ടീമുകളോടാണ് മൽസരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook