ലണ്ടന്‍: വരുന്ന സീസണിലും താന്‍ ലിവര്‍പൂള്‍ എഫ്സിയില്‍ തുടരുമെന്ന സൂചന നല്‍കി സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹ്. ഈജിപ്ഷ്യന്‍ താരത്തിനായി റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്മാര്‍ വലവിരിച്ചിരിക്കുകയാണ് എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ലിവർപൂളില്‍ സന്തുഷ്ടനാണ് താനെന്ന് അറിയിച്ചുകൊണ്ട് സലാഹ് മുന്നോട്ട് വന്നത്.
” ഇവിടെ ഞാന്‍ സന്തുഷ്ടനാണ്. വളരെ സന്തുഷ്ടന്‍. ബാക്കിയെല്ലാം ശുഭകരവുമാണ്.” ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ ‘പ്ലെയര്‍ ഓഫ് ദ് ഇയര്‍’ പുരസ്കാരം കരസ്ഥമാക്കിയ ഇരുപത്തിയഞ്ചുകാരന്‍ പറഞ്ഞു.
ഹ്യൂര്‍ഗന്‍ ക്ലോപ്പിനു കീഴിലുള്ള ലിവര്‍പൂളുമായി വരുന്ന സീസണിലും കരാര്‍ പുതുക്കും എന്ന സൂചനയാണ് സലാഹ് മുന്നോട്ട് വച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മുന്നിലിരിക്കെ വ്യാഴാഴ്ച നടന്ന ലിവര്‍പൂള്‍ പുരസ്കാരങ്ങളിലും സലാഹ് തിളങ്ങി നിന്നു. സീസണിലെ ഏറ്റവും മികച്ച താരമായി താരങ്ങള്‍ തിരഞ്ഞെടുത്തതും സീസണിലെ മികച്ച താരമായുള്ള ക്ലബ്ബിന്റെ പുരസ്കാരവും സലാഹ് സ്വന്തമാക്കി.
“ലിവര്‍പൂളുമായുള്ള ഭാവിയില്‍ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. വളരെ മികച്ചൊരു സീസണാണ് ഇത്തവണ നമുക്ക് ഉണ്ടായത്. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെയും എത്താനും സാധിച്ചു. ഇവിടുത്തെ എന്റെ ആദ്യവര്‍ഷമാണ് ഇത്. അവിശ്വസനീയമായ ഒരു വര്‍ഷമാണ് ഇത്തവണ ലിവര്‍പൂളിന് ഉണ്ടായത്. “സീസണില്‍ നാല്‍പ്പത്തിമൂന്ന് തവണ ഗോള്‍വല ചലിപ്പിച്ച താരം ദ് ഗാര്‍ഡിയന്‍ ഫുട്ബോളിനോട് പറഞ്ഞു.
കഴിഞ്ഞ വേനല്‍കാല ട്രാന്‍സ്ഫറിലാണ് 34 മില്യണ്‍ യൂറോ തുകയ്ക്ക് സലാഹ്‌യെ റോമയില്‍ നിന്നും ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് ‘പ്ലെയര്‍ ഓഫ് ദ് മന്ത് ‘ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ഈ മുഹമ്മദ് സലാഹ്. ലിവര്‍പൂളിന് വേണ്ടി സീസണില്‍ നാൽപതിന് മുകളില്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം, സീസണില്‍ മുപ്പത് ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നിങ്ങനെ ഒട്ടനവധി റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ സലാഹ് സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് മൽസരങ്ങളില്‍ മാത്രമായി പത്ത് ഗോളുകളാണ് മുഹമ്മദ് സലാഹ് അടിച്ചുകൂട്ടിയത്.