ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞെങ്കിലും സലാഹിനെ വീഴ്ത്തിയ റാമോസിന്റെ ടാക്കിളിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇതുവരേയും അവസാനിച്ചിട്ടില്ല. മനഃപൂര്‍വ്വം സലാഹിന് പരുക്കേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവോ റാമോസിന്റെ ടാക്കിള്‍ എന്നതിനെ ചൊല്ലി രണ്ട് ഭാഗത്തുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയായിരുന്നു പരുക്കേറ്റ് സലാഹ് കളിക്കളത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതനായത്. താരത്തിന്റെ ലോകകപ്പ് പ്രകനടത്തിന് വരെ വെല്ലുവിളിയാകുമെന്ന് സംശയിക്കുന്ന ടാക്കിളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റാമോസിനെതിരെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ ആരോപണങ്ങളും കടന്ന് പോയിരിക്കുകയാണ് കാര്യങ്ങള്‍. റയല്‍ താരത്തിനെതിരെ ഒരു ബില്യണിന്റെ കേസാണ് ഒരു ഈജിപ്ത്യന്‍ അഭിഭാഷകന്‍ നല്‍കിയിരിക്കുന്നത്. സലാഹിനെ പരുക്കേല്‍പ്പിക്കാനായി റാമോസ് മനഃപൂര്‍വ്വം ടാക്കിള്‍ ചെയ്യുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. നഷ്ടപരിഹാരമായി നൂറ് കോടി യൂറോ നല്‍കണമെന്നാണ് പരാതിയില്‍ പറയുന്നത്.

കടുത്ത കുറ്റമാണ് റാമോസ് ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഫിഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകനായ വസീം വാഹബ പറയുന്നു ശാരീരകവും മാനസികവുമായ ആഘാതം ഏല്‍പ്പിച്ചെന്നാണ് പരാതി. അതേസമയം, റാമോസിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫിഫയ്ക്ക് ആരാധകര്‍ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ നാല് മില്യണോളം ആളുകള്‍ ഇതിനോടകം തന്നെ ഒപ്പുവച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ