ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള കൊൽക്കത്തൻ വമ്പന്മാർ ഈസ്റ്റ് ബംഗാളിന്റെ സാധ്യതകൾ അവസാനിച്ചു. വരുന്ന സീസണിലും പത്ത് ടീമുകൾ മതിയെന്ന സംഘാടകരുടെ തീരുമാനമാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. അതേസമയം മോഹൻ ബഗാൻ എടികെയുമായി ലയിച്ചതോടെ ഐഎസ്എല്ലിൽ കൊൽക്കത്തൻ കരുത്ത് വർധിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരായ ഫുട്ബോൾ സ്‌പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡാണ് ലീഗ് പത്ത് ടീമുകളുമായി തുടരുമെന്ന് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ചേർന്ന പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ നവംബറിൽ ആരംഭിച്ച് മാർച്ചിലാണ് കലാശപോരാട്ടം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒറ്റ വേദിയിൽ മത്സരം സംഘടിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയും ഗോവയുമാണ് വേദികളാകാൻ സാധ്യതയുള്ളത്.
ഐ ലീഗ് സീസണിൽ റണ്ണർ അപ്പായി ഫിനിഷ് ചെയ്ത ഈസ്റ്റ് ബംഗാൾ ആകട്ടെ തങ്ങളുടെ ഭാവിയെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിലാണ്. അതേസമയം ഈസ്റ്റ് ബംഗാളിനെ സഹായിക്കണം എന്ന ആവശ്യവുമായി രാഷ്ട്രീയ വൈര്യം മറന്ന് ബംഗാളിലെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.