ഫുട്ബോൾ ആരാധകർ കാത്തിരുന്ന ആ സുപ്രധാന പ്രഖ്യാപനവും എത്തിയിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും. ക്ലബ്ബും ഐഎസ്എല്ലും തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാളും കളിക്കും. ഈസ്റ്റ് ബംഗാളും എത്തിയതോടെ ടീമുകളുടെ എണ്ണം 11 ആയി.

നവംബറിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് തുടക്കമാകുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികളില്ലാതെ നടക്കുന്ന മത്സരങ്ങൾക്ക് കൂടുതൽ പോരാട്ടവീര്യം കൊണ്ടുവരാൻ കൊൽക്കത്തൻ വമ്പന്മാരുടെ വരവ് കാരണമാകുമെന്നാണ് കരുതുന്നത്. നേരത്തെ പുതിയ ടീമുകളെ ക്ഷണിച്ചുകൊണ്ട് ഐഎസ്എൽ ബിഡ് തുറന്നിരുന്നു.

Also Read: ഇനി കൊൽക്കത്തയുടെ കൊമ്പൻ; സന്ദേശ് ജിങ്കൻ എടികെ മോഹൻ ബഗാനിൽ

ശ്രീ സിമന്റ്സ് ഈ വർഷം ആദ്യം ക്ലബ്ബിനെ ഏറ്റെടുത്തതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എൽ പ്രതീക്ഷകൾ വീണ്ടും സജീവമായത്. അതിനുമുമ്പ് തന്നെ ഈസ്റ്റ് ബംഗാൾ ശ്രമം ആരംഭിച്ചിരുന്നെങ്കിലും ടൈറ്റിൽ സ്‌പോൻസർമാരില്ലാതെ പോയതാണ് തിരിച്ചടിയായത്. അതേസമയം മറ്റൊരു കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ ഐഎസ്എൽ ചാംപ്യന്മാരായ എടികെയുമായി ലയിച്ചിരുന്നു. എടികെ മോഹൻ ബഗാൻ എന്ന പേരിലായിരിക്കും ടീം ഐഎസ്എൽ കളിക്കുക.

Also Read: രാജാവിന്റെ മകൻ; ആരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം വിൻസെന്റ് ഗോമസ്?

‘ഈസ്റ്റ് ബംഗാൾ എഫ്സിയെയും അവരുടെ ലക്ഷക്കണക്കിന് ആരാധരെയും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഏറ്റവും സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ഈ പരമ്പരാഗത ക്ലബ്ബുകൾ (മോഹൻ ബഗാൻ ഐഎസ്എൽ ക്ലബ് എടികെയുമായി ലയിച്ച് ഐഎസ്എലിന്റെ ഭാഗമായിരുന്നു) ഐഎസ്എലിന്റെ ഭാഗമാകുന്നത് ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമാകും,’ എഫ്എസ്ഡിഎൽ ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു.

Also Read: ഇനി അവന്റെ വരവാണ്; ‘രാജാവ്’ ഉടൻ എത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഫുട്ബോൾ ആരാധകരുടെ മനസിൽ ഇടംപിടിച്ച പ്രതിരോധ താരം ഇനി എടികെ മോഹൻ ബഗാനായി കളിക്കും. താരം നേരത്തെ ടീമിലെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വഴിയാണ് പുതിയ കരാർ സംബന്ധിച്ച വിവരം സന്ദേശ് ജിങ്കനും ക്ലബ്ബും ആരാധകരുമായി പങ്കുവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook