ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് സമനില. ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 90 മിനിറ്റ് വരെ പിന്നിട്ടു നിന്ന ഹൈദരാബാദിന് ഇഞ്ചുറി ടൈമിൽ അരിഡാനെ സന്റാന നേടിയ ഗോളാണ് രക്ഷയായത്.

തുടക്കം മുതൽ ഹൈദരാബാദ് അക്രമിച്ച് കളിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ കോട്ട പൊളിക്കാൻ സാധിച്ചില്ല. എന്നാൽ പല മുന്നേറ്റങ്ങളും ഈസ്റ്റ് ബംഗാളിന്റെ ഗോൾമുഖത്ത് അപകടം സൃഷ്ടിക്കുന്നത് തന്നെയായിരുന്നു. കിട്ടിയ അവസരങ്ങളിൽ കൊൽക്കത്തൻ വമ്പന്മാരും തിരിച്ചടിച്ചു.

മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഹൈദരാബാദിന് ഒരു സുവർണാവസരം ലഭിച്ചു. പന്തുമായി ബോക്‌സിലേക്ക് കയറിയ ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ താരം ജോയലിന് മുന്നില്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മുന്നോട്ട് കയറിവന്ന സുബ്രതാപോള്‍ പന്ത് അതിവിദഗ്ധമായി തട്ടിയകറ്റി.

Also Read: വസീം ജാഫറിന്റെ രാജി, മുസ്‌ലിം പ്രീണനമെന്ന മറുവാദം; ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിൽ സംഭവിക്കുന്നത്

ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ച ഇരു ടീമുകളും രണ്ടാം പകുതിയിൽ ഗോളിനായി അക്ഷീണം പരിശ്രമിച്ചു. 59-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ശ്രമം ഫലം കണ്ടു. സൂപ്പര്‍താരം ബ്രൈറ്റ് എനോബക്കാരെയാണ് ടീമിനായി ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച ബ്രൈറ്റ് ഹൈദരാബാദ് പ്രതിരോധതാരങ്ങളെ വെട്ടിമാറ്റി കട്ടിമണിയുടെ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

72-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഒപ്പമെത്താനുള്ള നീക്കം ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി. രണ്ടാം പകുതിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോഴും ഒരു ഗോളിന് മുന്നിട്ട് നിന്ന ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ ഇഞ്ചുറി ടൈമിൽ സന്റാന ഹൈദരാബാദിന്റെ രക്ഷകനാവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook