ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തോടൊപ്പം എന്നും ചേർത്ത് വായിക്കപ്പെടുന്ന പേരാണ് ഈസ്റ്റ് ബംഗാൾ എഫ്സിയുടേത്. രാജ്യത്തെ ഫുട്ബോളിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്ന ക്ലബ്. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിലെ രണ്ട് പ്രധാന വമ്പന്മാരിൽ ഒരാൾ. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിനെ കൊൽക്കത്തയിൽ കേന്ദ്രീകരിക്കുന്നതിലടക്കം ഈസ്റ്റ് ബംഗാൾ വഹിച്ച പങ്ക് ചെറുതല്ല.
100 വർഷം 130 കിരീടം
ഈസ്റ്റ് ബംഗാൾ എന്ന പേര് ഇന്ത്യൻ ഫുട്ബോളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് നൂറു വർഷം പിന്നിടുകയാണ്. 1920ൽ സ്ഥാപിതമായ ക്ലബ് നൂറു വർഷത്തിനിടെ നൂറ്റിമുപ്പതോളം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മൂന്ന് ഐ ലീഗ് കിരീടം, എട്ട് ഫെഡറേഷൻ കപ്പ്, മൂന്ന് ഇന്ത്യൻ സൂപ്പർ കപ്പ്, 29 ഐഎഫ്എ ഷീൽഡ്, 16 ഡ്യൂറന്റ് കപ്പ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ പ്രതാപകാലത്തിന്റെ പ്രൗഢിമാത്രമായാണ് കുറച്ചുനാളുകളായി ക്ലബ്ബിനെ കാണാനാവുന്നത്.
നൂറാം വർഷികം ടൈറ്റിൽ സ്‌പോൺസറില്ലാതെയാണ് ക്ലബ് ആഘോഷിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് പ്രവേശനമെന്ന പ്രതീക്ഷയ്ക്കു വീണ്ടും ചിറകുമുളച്ച് തുടങ്ങിയെങ്കിലും അത് അത്ര എളുപ്പമാകില്ല. ചരിത്രത്തിൽ അവഗണിക്കപ്പെട്ടവരുടെ ക്ലബ് എന്ന നിലയിലാണ് ഈസ്റ്റ് ബംഗാൾ അറിയപ്പെടുന്നത്. നൂറു വർഷത്തിനിപ്പുറവും ഇത്രയധികം കിരീടനേട്ടങ്ങൾക്ക് ശേഷവും മറ്റേതെല്ലാമോ തരത്തിലുള്ള അവഗണനയിൽനിന്ന് വീണ്ടും ഫുട്ബോളിന്റെ ഉന്നതിയിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ക്ലബ്.
മാറ്റിനിർത്തപ്പെട്ടവരുടെ കരുത്ത്
ഈസ്റ്റ് ബംഗാൾ എന്ന ക്ലബ് രൂപപ്പെടാനുള്ള കാരണം അവഗണനയിൽനിന്നും മാറ്റിനിർത്തലിൽ നിന്നുമാണ്. കൊൽക്കത്തയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് മോഹൻ ബഗാൻ. . 1920ലെ ജോരാബഗാൻ കപ്പിനായുള്ള മോഹൻ ബഗാൻ ടീമിൽനിന്ന് ഡിഫൻഡറായ സൈലേഷ് ബോസിനെ അവസാന നിമിഷത്തിൽ ഒഴിവാക്കുന്നു. ക്ലബ് വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്ര ചൗധരി ആവശ്യപ്പെട്ടിട്ടും സൈലേഷ് ബോസിനെ ഒഴിവാക്കാമെന്ന തീരുമാനത്തിൽ ക്ലബ് ഉറച്ചുനിന്നു.
സംഭവത്തിൽ ഔദ്യോഗിക വിശദീകരണത്തിനൊന്നും ക്ലബ്ബും മാനേജ്മെന്റും തയാറായില്ല. സംഭവത്തെ കിഴക്കൻ ബംഗാളിൽ നിന്നുള്ളവരോടുള്ള അവഗണനയുടെ പുതിയ പതിപ്പായിട്ടാണ് ചൗധരിയും സംഘവും കണ്ടത്. താരത്തിന്റെ ഒഴിവാക്കൽ പ്രാദേശിക തലത്തിലും വലിയ ആഘാതമുണ്ടാക്കി.
മോഹൻ ബഗാനിൽനിന്ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് സുരേഷ് ചന്ദ്ര ചൗധരി കിഴക്കൻ ബംഗാളിൽനിന്നുള്ള മറ്റു മൂന്നു പേർക്കൊപ്പം ഈസ്റ്റ് ബംഗാൾ ക്ലബിനു രൂപം നൽകി. പ്രാദേശിക വികാരങ്ങളുടെ പുറത്ത് സ്ഥാപിക്കപ്പെട്ട ടീം പിന്നീട് ഇന്ത്യയുടെ തന്നെ വികാരമാകുന്ന കാഴ്ചയാണ് കണ്ടത്. അസാമാന്യ വളർച്ച സ്വന്തമാക്കാൻ ക്ലബ്ബിനു സാധിച്ചു.
ഇതിഹാസങ്ങളുടെ ഈസ്റ്റ് ബംഗാൾ
ഐഎം വിജയനും രാമൻ വിജയനും ബൈച്ചുങ് ബൂട്ടിയയുമടക്കം ഇന്ത്യൻ ഫുട്ബോൾ കണ്ട ഇതിഹാസങ്ങൾ പന്തുതട്ടിയ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. അവിടെയും തീരുന്നില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ പീറ്റർ തങ്കരാജ്, ഏഷ്യൻ ഗെയിംസിലടക്കം മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട സുധീർ കർമാക്കർ, തന്റെ കരിയറിന്റെ 90 ശതമാനത്തിലധികവും ചുവപ്പും മഞ്ഞയും ചേർന്ന കുപ്പായത്തിൽ പ്രതിരോധം തീർത്ത മനോരഞ്ജൻ ഭട്ടാചാര്യ, മധ്യനിരയിൽ ചടുല നീക്കങ്ങളാൽ മായജാലം സൃഷ്ടിച്ച സമരേഷ് ചൗധരി, കൃഷാനു ഡേ തുടങ്ങി പേരുകേട്ട ഇന്ത്യൻ താരങ്ങളിൽ പലരും ഈസ്റ്റ് ബംഗാളിന്റെ വജ്രായുധങ്ങളായിരുന്നു.
വിജയതേരി തെളിച്ച വിദേശതാരങ്ങൾ
വിദേശതാരങ്ങൾക്കും ഈസ്റ്റ് ബംഗാളിൽ ഒരു കുറവുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, ബർമ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളായിരുന്നു ടീമിൽ ഇടം പിടിച്ചിരുന്നതെങ്കിൽ പിന്നീട് ലാറ്റിനമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും മിന്നും താരങ്ങൾ ഈസ്റ്റ് ബംഗാളിലെത്തി. ലോകകപ്പ് കളിച്ച അഞ്ച് താരങ്ങൾ ഈസ്റ്റ് ബംഗാളിനുവേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. ഇറാന്റെ മജീദ് ബിഷ്കറും അവസാനം നടന്ന രണ്ട് ലോകകപ്പുകളിലും കോസ്റ്ററിക്കക്കുവേണ്ടി കളിച്ച ജോണി അക്കോസ്റ്റയും വരെ.
യൂറോപ്യൻ ലീഗുകളിലടക്കം മിന്നും പ്രകടനം കാഴ്ചവച്ച താരങ്ങളെയും ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിട്ടുണ്ട്. ബ്രസീൽ, അർജന്റീന, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളോടൊപ്പം ആഫ്രിക്കൻ കരുത്തും ഈസ്റ്റ് ബംഗാളിനെ ശക്തരാക്കി. ഘാന, കെനിയ, നൈജീരിയ എന്നിവിടങ്ങളിലെ ദേശീയ താരങ്ങളുൾപ്പടെ ക്ലബ്ബിലെത്തി.
കൊൽക്കത്തൻ ഡെർബി
ബാഴ്‌സലോണയും റയൽ മാഡ്രിഡും മാറ്റുരയ്ക്കുന്ന സ്പാനിഷ് ലീഗിലെ ‘എൽ ക്ലാസിക്കോ’, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ക്ലബ്ബുകൾ തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി, പിഎസ്‌ജിയും മാർസിയയും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ലീഗിലെ ‘ലേ ക്ലാസികെ’, എസി മിലാനും ഇന്റർ മിലാനും തമ്മിലുള്ള ഇറ്റാലിയൻ ലീഗിലെ മിലാൻ ഡെർബി തുടങ്ങി ലോകഫുട്ബോളിൽ വീറും വാശിയും നിറഞ്ഞ പ്രാദേശിക പോരാട്ടങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള കൊൽക്കത്തൻ ഡെർബിയും ഇടംപിടിക്കുന്നത് മോഹൻ ബഗാനൊപ്പം ഈസ്റ്റ് ബംഗാളും ഉള്ളതുകൊണ്ടാണ്.
ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് കൊൽക്കത്തൻ ഡെർബി. അന്താരാഷ്ട്ര ഫുടബോൾ ഗവേണിങ് ബോഡിയായ ഫിഫ പുറത്തിറക്കിയ ക്ലാസിക് ഡെർബികളുടെ പട്ടികയിൽ ഇടംപിടിക്കാനും ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ പോരാട്ടത്തിനും സാധിച്ചിട്ടുണ്ട്.
പലപ്പോഴും ഈ പോരാട്ടവീര്യം കയ്യാങ്കളിയിലേക്കും നീങ്ങാറുണ്ട്. എതിർ ടീമിന് തങ്ങളുടെ മൈതാനത്ത് ശത്രുരാജ്യമെന്ന പ്രതീതി നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇരു ടീമുകളുടെ ആരാധകർ ഒട്ടും പിന്നിലല്ല. 1960ൽ നടന്ന ഒരു മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 16 പേരാണ്.
ഐഎസ്എൽ പ്രതീക്ഷകൾ
മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക് ചേക്കേറിയെങ്കിലും ഈസ്റ്റ് ബംഗാളിന് അതിന് സാധിച്ചിരുന്നില്ല. നിക്ഷേപകരെ കണ്ടെത്തുകയെന്ന വലിയ ദൗത്യമായിരുന്നു അവർക്ക് വിലങ്ങുതടിയായത്. ഒടുവിൽ അവർ കടമ്പ കടന്നു. സിമന്റ് കമ്പനിയായ ശ്രീ സിമന്റാണ് ക്ലബ്ബിലെ നിക്ഷേപകർ. എന്നാൽ നിക്ഷേപകരെ കണ്ടെത്തിയതുകൊണ്ട് മാത്രം ഈസ്റ്റ് ബംഗാളിന് പതിനൊന്നാം ടീമായി ഐഎസ്എല്ലിൽ പ്രവേശിക്കാൻ സാധിക്കില്ല.
ലീഗ് കളിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ക്ലബ്ബ് ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡിനെ (എഫ്എസ്‌ഡിഎൽ) അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പന്ത് എഫ്എസ്‌ഡിഎല്ലിന്റെ കോർട്ടിലാണ്. റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ ഇനിയുള്ള പ്രവർത്തനങ്ങളെല്ലാം ചെയ്യേണ്ടത് അവരാണ്. റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ തുറന്ന് കഴിഞ്ഞാൽ ഔദ്യോഗികമായി ഈസ്റ്റ് ബംഗാളിന് അപേക്ഷിക്കാം. ഇത് പരിശോധിച്ച ശേഷം മാത്രമേ സംഘാടകർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.
പുതിയ സ്‌പോൻസർമാർ
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമാണ കമ്പനിയാണ് ഈസ്റ്റ് ബംഗാളിലെ പുതിയ നിക്ഷേപകരായ ശ്രീ സിമൻറ്സ്. 1979 ൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ബിവാറിൽ ചെയർമാൻ ബി.ജി ബംഗൂർ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം കൊൽക്കത്തയിലാണ്. ശ്രീ പവർ (ക്യാപ്റ്റീവ് പവർ പ്ലാന്റ്), ശ്രീ മെഗാ പവർ (ഇൻഡിപെൻഡന്റ് പവർ പ്ലാന്റ്) എന്നീ പേരുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനി കൂടിയാണിത്.