കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മാറ്റിനിർത്താനോ മായ്ച്ചുകളയാനോ സാധിക്കുന്ന പേരല്ല ഈസ്റ്റ് ബംഗാൾ ക്ലബ്ബിന്റേത്. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ മോഹൻ ബഗാനോടൊപ്പം എന്നും ചേർത്ത് വായിക്കപ്പെട്ടിരുന്ന പേരാണത്. ഇതിഹാസങ്ങൾ പന്തുതട്ടിയ മൈതാനം. എന്നാൽ പ്രതാപകാലത്തിന്റെ ഓർമകൾ മാത്രമായി പോകുന്ന കാലത്തിന്റെ പടിവാതിൽക്കലാണ് ഇപ്പോൾ ചെമ്പട.
മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക് ചേക്കേറിയെങ്കിലും ഈസ്റ്റ് ബംഗാളിന് അതിന് സാധിച്ചിരുന്നില്ല. നിക്ഷേപകരെ കണ്ടെത്തുകയെന്ന വലിയ ദൗത്യമായിരുന്നു അവർക്ക് വിലങ്ങുതടിയായത്. ഒടുവിൽ അവർ കടമ്പ കടന്നു. സിമന്റ് കമ്പനിയായ ശ്രീ സിമന്റാണ് ക്ലബ്ബിലെ നിക്ഷേപകർ. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടയാണ് 2020-21 സീസണിൽ ഐഎസ്എല്ലിൽ ക്ലബ് ഉൾപ്പെടാൻ സാധ്യത തെളിഞ്ഞത്. എന്നാൽ അത് പൂർണമായെന്ന് പറയാൻ സാധിക്കില്ല.
നിക്ഷേപകരെ കണ്ടെത്തിയതുകൊണ്ട് മാത്രം ഈസ്റ്റ് ബംഗാളിന് പതിനൊന്നാം ടീമായി ഐഎസ്എല്ലിൽ പ്രവേശിക്കാൻ സാധിക്കില്ല. ലീഗ് കളിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ക്ലബ്ബ് ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡിനെ (എഫ്എസ്‌ഡിഎൽ) അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ പന്ത് എഫ്എസ്‌ഡിഎല്ലിന്റെ കോർട്ടിലാണ്. റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ ഇനിയുള്ള പ്രവർത്തനങ്ങളെല്ലാം ചെയ്യേണ്ടത് അവരാണ്.
റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ തുറന്ന് കഴിഞ്ഞാൽ ഔദ്യോഗികമായി ഈസ്റ്റ് ബംഗാളിന് അപേക്ഷിക്കാം. ഇത് പരിശോധിച്ച ശേഷം മാത്രമേ സംഘാടകർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.
Also Read: UEFA Nations League: അവസാന മിനിറ്റിൽ സ്‌പെയിനിനെ ഒപ്പമെത്തിച്ച് ഗയാ; ജർമ്മനിക്കെതിരെ നാടകീയ സമനില
ഐഎസ്എല്ലിലേക്ക് ഏതൊരു ക്ലബ്ബിനും പ്രവേശിക്കണമെങ്കിൽ ഈ പ്രക്രിയയിലൂടെ കടന്നു പോകണം. 2017ൽ ഇത്തരത്തിലാണ് ബംഗളൂരു എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും ഐഎസ്എല്ലിന്റെ ഭാഗമായത്. അന്ന് 13 ദിവസമാണ് ക്ലബ്ബുകൾക്കായി റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ തുറന്നിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമാണ കമ്പനിയാണ് ഈസ്റ്റ് ബംഗാളിലെ പുതിയ നിക്ഷേപകരായ ശ്രീ സിമൻറ്സ്. 1979 ൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ബിവാറിൽ ചെയർമാൻ ബി.ജി ബംഗൂർ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം കൊൽക്കത്തയിലാണ്. ശ്രീ പവർ (ക്യാപ്റ്റീവ് പവർ പ്ലാന്റ്), ശ്രീ മെഗാ പവർ (ഇൻഡിപെൻഡന്റ് പവർ പ്ലാന്റ്) എന്നീ പേരുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനി കൂടിയാണിത്.
ഐഎസ്എല്ലിൽ 10 ടീമുകൾ മാത്രമേ പങ്കെടുക്കൂവെന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്‌ഡിഎൽ) സൂചിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്‌എൽ പ്രവേശനം നടക്കില്ലെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഐഎസ്എൽ ക്ലബ്ബായ എടികെയുമായി ലയിച്ചതോടെയായിരുന്നു മോഹൻ ബഗാൻ ഐഎസ്എല്ലിൽ പ്രവേശിച്ചത്.