അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ രണ്ടും കൽപ്പിച്ചാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടിയും ലിവർപൂളിനുവേണ്ടിയും പന്ത് തട്ടിയ റോബി ഫോവ്‌ളറെയാണ് അവർ വരും സീസണിൽ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഇന്ത്യയിലേക്കെത്തുന്നത്.
ഈസ്റ്റ് ബംഗാൾ ഉടമ ഹരി മോഹൻ ബംഗുറാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ റോബി ഇന്ത്യയിലെത്തുമെന്നും ഗോവയിൽ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയാണ് റോബിയുമായി ക്ലബ്ബ് കരാർ ഒപ്പിടുന്നത്. നിലവിൽ രണ്ട് വർഷത്തെ കരാറാണെങ്കിലും ഇത് നീട്ടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: പൂർണ സജ്ജമെന്ന് കേരളം; ഏഷ്യൻ കപ്പിന് വേദിയാകാൻ സമ്മതപത്രം നൽകി
മുൻ ഇന്ത്യൻ നായകൻ റെന്നെഡി സിങ്ങാണ് ക്ലബ്ബിന്റെ സഹപരിശീലകനായി എത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെ നായകനായും കളിച്ചിട്ടുള്ള താരമാണ് റെന്നെഡി. ഐഎസ്എല്ലിന് യോഗ്യത നേടുന്ന പതിനൊന്നാമത്തെ ക്ലബ്ബായാണ് ഈസ്റ്റ് ബംഗാൾ ടൂർണമെന്റിനിറങ്ങുന്നത്.
പ്രീമിയർ ലീഗിലെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ ഏഴാം സ്ഥാനത്തുള്ള റോബിയുടെ വരവ് ടീമിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ലിവർപൂൾ യൂത്ത് അക്കാദമയിൽ നിന്ന് കളി ജീവിതം തുടങ്ങുന്ന റോബി 1993ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 2001 വരെ ചെമ്പടയ്ക്കുവേണ്ടി കളിച്ച അദ്ദേഹം ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ്.
Also Read: ഗോവയിൽ ‘മഞ്ഞപ്പടയൊരുക്കം’; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പരിശീലനത്തിന് തുടക്കം
പരിശീലകനായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് റോബി. ഓസ്ട്രേലിയൻ എ ലീഗിൽ ബ്രിസ്ബെൻ റോർ എഫ്സിയുടെ പരിശീലകനായിരുന്ന അദ്ദേഹം കഴിഞ്ഞ സീസണിൽ ടീമിനെ ആദ്യ നാലിൽ വരെ എത്തിച്ചിരുന്നു. നാപ്പത്തഞ്ചുകാരനായ റോബി തായ്‌ലൻഡ് ടോപ് ഡിവിഷൻ ക്ലബ്ബായ മൗത്തോങ് യുണൈറ്റഡിന്റെയും പരിശിലകനായി പ്രവർത്തിച്ചിട്ടുണ്ട്. അവിടെ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്.