വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ തിരിച്ചെത്തിച്ച താരങ്ങളെ അവഗണിച്ച സംഭവം കേരളത്തിലെ കായിക പ്രേമികളെ ഏറെ വേദനിപ്പിച്ചതാണ്. കിരീട നേട്ടത്തിന് ശേഷം സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ കേരളാ ടീം വൈസ് ക്യാപ്റ്റന്‍ സീസനും ലിജോയും സ്വീകരിക്കാന്‍ ആരുമില്ലാതെ വഴിയാത്രക്കാരെ പോലെ റോഡില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ സംഭവത്തില്‍ മാപ്പ് ചോദിച്ച് ഡിവൈഎഫ്‌ഐ പൊഴിയൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. താരങ്ങള്‍ക്ക് സ്വീകരണം നല്‍കാന്‍ പൊഴിയൂര്‍ ജനത തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ താരങ്ങള്‍ നാട്ടിലെത്തുകയായിരുന്നുവെന്നും പ്രദേശവാസിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അജിത്ത് പൊഴിയൂർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

”ഇതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല. ഇതിന് നേതൃത്വം നല്‍കേണ്ടിയിരുന്നത് ആരായിരുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. ഉത്തരവാദിത്വപ്പെട്ട യുവജനപ്രസ്ഥാനം എന്ന നിലയില്‍ പൊഴിയൂരിലെ ഡിവൈഎഫ്ഐ പ്രസ്ഥാനം പൊഴിയൂര്‍ ജനതയ്ക്ക് വേണ്ടി സീസനോടും, ലിജോയോടും കായിക ലോകത്തോടും മാപ്പ് ചോദിക്കുന്നു,” അജിത്ത് പറയുന്നു.

”ഇനി ഒരു സ്വീകരണം പകരം ആകില്ലെങ്കില്‍ പോലും സംഭവിച്ചു പോയ പിഴവ് സ്വയം വിമര്‍ശനമായി ഏറ്റെടുത്തു കൊണ്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 7-ാം തീയതി നടത്താനിരുന്ന സ്വീകരണം ഇന്ന് (4-ാം തീയതി) വൈകിട്ട് 4 മണിക്ക് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്,” എന്നും പോസ്റ്റില്‍ പറയുന്നു.

അജിത്ത് പൊഴിയൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തുക്കളെ…. കായിക പ്രേമികളെ…

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം വിജയിച്ചതിന് ശേഷം തിരിച്ച് എത്തുന്ന കായിക പ്രതിഭകള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. സംഘാടക സമിതിക്ക് ലഭിച്ച വിവരമനുസരിച്ച് 5-ാം തീയതിയിലെ TV ഷോയും 6-ാം തീയതിയിലെ സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണവും കഴിഞ്ഞ് 7-ാം തീയതി നാട്ടില്‍ എത്തും എന്നാണ്. അന്ന് അവര്‍ എവിടെയാണോ അവിടെ നിന്ന് കാറില്‍ കൊണ്ട് വന്ന് പുല്ലുവിള കൊച്ചുപ്പള്ളിയില്‍ നിന്ന് തുറന്ന ജീപ്പ് ആനയിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി പുല്ലുവിള, പുതിയതുറ, കുരുംകുളം, പൂവ്വാര്‍, ആറ്റുപ്പുറം, ഉച്ചക്കട തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുസ്വീകരണം നല്‍കി പൊഴിയൂരിലേയ്ക്ക് തിരിക്കുകയും SMRC ഗ്രൗണ്ട് – പൊഴിക്കരബീച്ച് വരെ ബൈക്ക് റാലിയായി പോയി തിരിച്ച് പൊഴിയൂര്‍ ജംങ്ഷനില്‍ എത്തിച്ചേരുകയും പൊതുയോഗത്തില്‍ അനുമോദിച്ചും മധുരവിതരണത്തോടും അവസാനിപ്പിക്കുകയും ചെയ്യുന്ന വിധം സ്വീകരണം പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ പ്രതീക്ഷിച്ച ദിവസത്തിന് മുന്‍പേ കായിക പ്രതിഭകള്‍ നാട്ടില്‍ എത്തി. എന്നാല്‍ അവരെ സ്വീകരിക്കുവാന്‍ ആരും ഇല്ലായിരുന്നു എന്ന വാര്‍ത്ത പൊഴിയൂര്‍ ജനതതയും കേരളക്കരയെയും മാത്രമല്ല ഫുട്‌ബോള്‍ പ്രേമികളെ മുഴുവന്‍ ദുഃഖിപ്പിച്ച സംഭവമായി മാറി. ഇതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല. ഇതിന് നേതൃത്വം നല്‍കേണ്ടിയിരുന്നത് ആരായിരുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. ഉത്തരവാദിത്വപ്പെട്ട യുവജനപ്രസ്ഥാനം എന്ന നിലയില്‍ പൊഴിയൂരിലെ DYFl പ്രസ്ഥാനം പൊഴിയൂര്‍ ജനതയ്ക്ക് വേണ്ടി സീസനോടും, ലിജോയോടും കായിക ലോകത്തോടും മാപ്പ് ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരല്ലാതെ വന്നപ്പോഴും വമ്പിച്ച സ്വീകരണവും അനുമോദനവും നല്‍കിയ പൊഴിയൂര്‍ ജനത ചാമ്പ്യന്‍മാരായി തിരിച്ചു വരുമ്പോള്‍ ബോധപൂര്‍വ്വം ഇത്തരം പ്രവൃത്തി ചെയ്യും എന്ന് ദയവായി ആരും കരുതരുത്. ഫുട്‌ബോളിനെ ഇടനെഞ്ചോട് ചേര്‍ത്ത് പ്രണയിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജനത പൊഴിയൂരിലുളളിടത്തോളം കാലം എന്നും കായിക താരങ്ങള്‍ക്ക് കരുത്തും കരുതലുമായിരിക്കും എന്നതില്‍ സംശയം ഇല്ല.

പൊഴിയൂര്‍ ജനതയെ നമുക്ക് ഒരു തെറ്റ് പറ്റി…. ആ തെറ്റ് നമ്മള്‍ തിരുത്തുക തന്നെ വേണം….
ഇനി ഒരു സ്വീകരണം പകരം ആകില്ലെങ്കില്‍ പോലും സംഭവിച്ചു പോയ പിഴവ് സ്വയംവിമര്‍ശനമായി ഏറ്റെടുത്തു കൊണ്ട് DYFl യുടെ നേതൃത്വത്തില്‍ 7-ാം തീയതി നടത്താനിരുന്ന സ്വീകരണം ഇന്ന് (4-ാം തീയതി) വൈകിട്ട് 4 മണിക്ക് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്….. പൂവാര്‍ ജംങ്ഷനില്‍ നിന്ന് സ്വീകരിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കൂടി വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി പൊഴിയൂരില്‍ എത്തിച്ചേരും. ഈ സ്വീകരണ ചടങ്ങില്‍ സ്‌പോര്‍ട്‌സ് ക്ലബുകളും, യുവജന സുഹൃത്തുക്കളും, നല്ലവരായ നാട്ടുകാരും, മുഴുവന്‍ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു. സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.

*അടിയന്തിരമായൊരു അറിയിപ്പ് ആയതിനാല്‍ സ്വീകരണവിവരം മറ്റുള്ളവരിലേയ്ക്ക് പങ്ക് വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ