കുട്ടി ക്രിക്കറ്റിൽ എന്നും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോ. 14 വർഷമായി ടി20 ക്രിക്കറ്റിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത ടി20യിൽ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുന്നു ബ്രാവോ. ടി20 ഫോർമാറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമാണ് ബ്രാവോ. കരീബിയൻ പ്രീമിയർ ലീഗിൽ റഖീം കോൺവാളിനെ പുറത്താക്കിയാണ് വിൻഡീസ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.
കരിയറിലെ തന്റെ 459-ാം മത്സരത്തിലായിരുന്നു ബ്രാവോയുടെ നേട്ടം. സിപിഎല്ലിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് താരമായ ബ്രാവോ ഇന്നലെയും രണ്ട് വിക്കറ്റുകളാണ് സ്വന്തം അക്കൗണ്ടിൽ ചേർത്തത്. ടി20യിൽ ആദ്യമായി 300, 400 വിക്കറ്റുകളും സ്വന്തമാക്കിയത് ബ്രാവോയായിരുന്നു. വിക്കറ്റ് വേട്ടയിൽ മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ബ്രാവോ. ടി20യിൽ 400ലധികം വിക്കറ്റുള്ള ഏക താരവും ബ്രാവോയാണ്.
കരിബീയൻ പ്രീമിയർ ലീഗിലെ ബ്രാവോയുടെ 100-ാം വിക്കറ്റ് കൂടിയായിരുന്നു റഖീമിന്റേത്. ടൂർണമെന്റിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും ബ്രാവോ തന്നെ. ടി20യിൽ ബ്രാവോയുടെ പ്രധാന എതിരാളി ദേശീയ ടീമിലെ സഹതാരം കിറോൺ പൊള്ളാർഡാണ്. ഒമ്പത് തവണയാണ് വിവിധ ടൂർണമെന്റുകളിലായി ബ്രാവോ പൊള്ളാർഡിനെ പുറത്താക്കിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിലും തന്റെ മിന്നും പ്രകടനംകൊണ്ട് ക്രിക്കറ്റ് ആരാധകരെ താരം മുമ്പ് ഞെട്ടിച്ചിട്ടുണ്ട്. 2013 സീസണിൽ 32 വിക്കറ്റാണ് ബ്രാവോ സ്വന്തമാക്കിയത്. ഒരു ടൂർണമെന്റിൽ ഒരു താരം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് നിരക്കാണിത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ് താരം. ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരത്തിന്റെ മികച്ച ഫോം ഇത്തവണയും ടീമിന് മുതൽകൂട്ടാണ്.