ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറച്ചിലിന് പിന്നാലെ സഹോദരി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സഹോദരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ദ്യൂതി ഇപ്പോൾ. 25 ലക്ഷ്ം രൂപ സഹോദരി തന്നോട് ആവശ്യപ്പെട്ടെന്നാണ് ദ്യൂതി പറയുന്നത്.

” എന്റെ സ്വന്തം സഹോദരി എന്നെ ഭീഷണിപ്പെടുത്തുന്നു. എന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. അവർ എന്നെ നേരത്തെ ഉപദ്രവിച്ചിരുന്നു. അതിനെതിരെ ഞാൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഇപ്പോഴും അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാൻ ആ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.” ദ്യൂതി പറഞ്ഞു.

തന്നെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലിലടയ്ക്കുമെന്നും സഹോദരി ഭീഷണിപ്പെടുത്തിയതായി ദ്യുതി വെളിപ്പെടുത്തിയിരുന്നു.”എന്റെ വീട്ടിലെ അധികാരം മൂത്ത ചേച്ചിയ്ക്കാണ്. ഭാര്യയെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് സഹോദരനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട് അവര്‍. എനിക്കും അതു തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. പക്ഷെ എനിക്ക് എന്റെ വ്യക്തി സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് എന്റെ തീരുമാനവുമായി മുന്നോട്ട് പോകാനും ലോകത്തോട് വിളിച്ചു പറയാനും തീരുമാനിക്കുകയുമായിരുന്നു”

Also Read: ‘മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്’; സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അത്‌ലറ്റ് ദ്യുതി ചന്ദ്

”എന്റെ പങ്കാളിയുടെ നോട്ടം എന്റെ സ്വത്തിലാണെന്നാണ് സഹോദരി കരുതുന്നത്. ഈ ബന്ധം തുടര്‍ന്നാല്‍ എന്നെ ജയിലിലടയ്ക്കുമെന്ന് വരെ പറഞ്ഞിട്ടുണ്ട്” താരം കൂട്ടിച്ചേര്‍ത്തു. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അവര്‍ വെളിപ്പെടുത്തിയത്. ആരാണ് പെണ്‍കുട്ടിയെന്ന് 23കാരിയായ ദ്യുതി വെളിപ്പെടുത്തിയില്ല.ദ്യുതി പറയുന്നു.

Also Read: വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലില്‍ അടയ്ക്കുമെന്നും സഹോദരി ഭീഷണിപ്പെടുത്തുന്നതായി ദ്യുതി ചന്ദ്

എല്ലാവരുടേയും ശ്രദ്ധ അനാവശ്യമായി അവരുടെ നേരെ തിരിയാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്താത്തതെന്ന് ദ്യുതി വ്യക്തമാക്കി. ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്.

‘സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതി പറഞ്ഞു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധിയാണ് തനിക്ക് ഇത് തുറന്ന് പറയാന്‍ ധൈര്യം നല്‍കിയതെന്നും എല്ലാവരും അവരുടെ ഇഷ്ടത്തിനായി നില കൊളളണമെന്നും ദ്യുതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook