ന്യൂഡല്‍ഹി: താൻ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാമ്പ്യനായ ദ്യുതി ഒട്ടേറെ അന്താരാഷ്ട്ര മീറ്റുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്‍ഡ്യന്‍ എക്സ്പ്രസിനോടാണ് അവര്‍ വെളിപ്പെടുത്തിയത്. ആരാണ് പെണ്‍കുട്ടിയെന്ന് 23കാരിയായ ദ്യുതി വെളിപ്പെടുത്തിയില്ല. എല്ലാവരുടേയും ശ്രദ്ധ അനാവശ്യമായി അവരുടെ നേരെ തിരിയാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്താത്തതെന്ന് ദ്യുതി വ്യക്തമാക്കി. ഒറീസ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്.

‘എന്റെ ആത്മസഖിയെ ഞാന്‍ കണ്ടെത്തി. എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുളളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിക്കും,’ ദ്യുതി വെളിപ്പെടുത്തി.

‘സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതി പറഞ്ഞു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധിയാണ് തനിക്ക് ഇത് തുറന്ന് പറയാന്‍ ധൈര്യം നല്‍കിയതെന്നും എല്ലാവരും അവരുടെ ഇഷ്ടത്തിനായി നില കൊളളണമെന്നും ദ്യുതി വ്യക്തമാക്കി.

ഏകദേശം 25 ഓളം വിദേശ രാജ്യങ്ങളിൽ പ്രായപൂർത്തിയായ ട്രാൻസ്ജൻഡറുകൾക്കും സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ള ലൈംഗികന്യൂനപക്ഷങ്ങൾക്കും (LGBT) അവരുടെ ലിംഗമോ ലൈംഗിക പ്രത്യേകതയോ ഒരു തടസ്സമാകാതെ നിയമപരമായി ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാവുന്നതാണ്. ഇതിനെ “വിവാഹസമത്വം (Marriage equality)”എന്ന് വിളിക്കുന്നു. ഇവരിൽ ചിലർ കുട്ടികളെ ദത്തെടുക്കുകയും മറ്റു ചിലർ വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. നെതർലാൻഡ് ആണ് ജനങ്ങൾ കൂടുതൽ സന്തോഷകരമായി ജീവിക്കുന്നതിനു ആദ്യമായി വിവാഹസമത്വം അനുവദിച്ചത്. പല പുകഴ്‌പെറ്റ മുൻനിര വികസിത രാഷ്ട്രങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ഇഷ്ടപ്രകാരം ഇണകളെ തിരഞ്ഞെടുക്കാൻ നിയമം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചില ലൈംഗികന്യൂനപക്ഷങ്ങൾക്ക് വിവാഹസമത്വം അനുവദിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook