അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന ഹിറ്റ് പരിപാടിയാണ് കോന്‍ ബനേഗ കര്രോര്‍പതി. ഷോയുടെ 11-ാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ഗസ്റ്റുകളാണ് ഷോയിലെത്തിയത് കായിക രംഗത്തു നിന്നുമുള്ള മൂന്ന് താരങ്ങളായിരുന്നു. മുന്‍ ഇന്ത്യന്‍ വിരേന്ദര്‍ സെവാഗും അത്‌ലറ്റുകളായ ഹിമാ ദാസും ദ്യുതി ചന്ദും. മൂവരും ചേര്‍ന്ന് 1250000 രൂപയാണ് പരിപാടിയില്‍ നിന്നും നേടിയത്.

രസകരായമായ മത്സരത്തോടൊപ്പം മൂവരും തങ്ങളുടെ കായിക ജീവിതത്തിലെ അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു. തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കാലത്തെ കുറിച്ച് ദ്യുതി ചന്ദ് മനസ് തുറന്നപ്പോള്‍ ബച്ചനും ഹിമയും സേവാഗും കാണികളുമെല്ലാം വികാരഭരിതരായി മാറുകയായിരുന്നു.

കുട്ടിക്കാലത്ത് ഒരുപാട് തവണ പട്ടിണി കിടന്നത് ദ്യുതി ഓര്‍ത്തെടുത്തു. വീട്ടില്‍ പലപ്പോഴും കഴിക്കാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. ചിലപ്പോഴൊക്കെ സമീപത്തുള്ള പച്ചക്കറി കടയില്‍ നിന്നും റോഡിലേക്ക് വീണു പോകുന്ന പച്ചക്കറി എടുത്താണ് ഭക്ഷണമുണ്ടാക്കിയിരുന്നതെന്നും ദ്യുതി പറഞ്ഞു. പലപ്പോഴും ഭക്ഷണത്തിന് മാത്രമായി കല്യാണത്തിനും ജന്മദിനാഘോഷത്തിനും പോകാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

അത്‌ലറ്റായതിരുന്നതിനാല്‍ പോഷകാഹാരം വേണ്ടിയിരുന്നു. വീട്ടില്‍ പലപ്പോഴും എല്ലാവര്‍ക്കും ഭക്ഷണം തികയില്ലായിരുന്നു. തനിക്ക് മാത്രമായി മുട്ടയും പാലും തരുമ്പോള്‍ കൂടെയുള്ള അനിയത്തിമാര്‍ വിഷമിക്കുന്നത് കാണും. അപ്പോള്‍ അവര്‍ക്ക് കൊടുക്കും. ആ ഒരു ക്ലാസ് പാലിനും മുട്ടയ്ക്കും തന്നെ ചെലവാക്കാന്‍ കാശില്ലായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ വളരെ സങ്കടം വരുമെന്നും താരം പറഞ്ഞു.

എന്നാലിന്ന് തന്റെ സഹോദരിമാരെ പഠിപ്പിക്കാനും വീടുണ്ടാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും തനിക്ക് സാധിച്ചെന്നും അതില്‍ അഭിമാനിക്കുന്നതായും താരം പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ നിറകയ്യടിയോടെയാണ് കാണികളും അമിതാഭ് ബച്ചനും സ്വീകരിച്ചത്. അതേസമയം, സ്റ്റുഡിയോയിലെ ഓഡിയന്‍സിനെ പോലെ നിങ്ങളുടെ മത്സരം കാണാനായി സ്‌റ്റേഡിയത്തിലും കാണികളെത്താറുണ്ടോ എന്ന ചോദ്യത്തിന് നിരാശയായിരുന്നു ദ്യുതിയുടെ മറുപടി.

”ഇല്ല. ഇന്ത്യയില്‍ ഒരു കായിക ഇനം മാത്രമാണ് മതം പോലെ പിന്തുരടുന്നത്. അത് ക്രിക്കറ്റാണ്. എവിടെ കളിച്ചാലും ആളുകളെത്തും. അത്‌ലറ്റുകളുടെ കാര്യം അങ്ങനല്ല. പിന്തുണ കിട്ടുന്നത് അപൂര്‍വ്വമായാണ്. ഞങ്ങളുടെ മത്സരം 10-15 സെക്കന്‍ഡില്‍ തീരുന്നതല്ലേ എന്നാണ് ധാരണ. പക്ഷെ എനിക്ക് പറയാനുള്ളത് ആ 10-15 സെക്കന്‍ഡിനായി ഞാന്‍ വര്‍ഷത്തില്‍ 365 ദിവസവും പരിശീലിക്കുന്നുണ്ട് എന്നാണ്. കാണികള്‍ കൈയടിച്ചാല്‍ അത് വളരെ വലിയ പ്രചോദനമായിരിക്കും. രാജ്യത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. രാജ്യത്തിന് വേണ്ടിയാണ് നേടുന്നതെല്ലാം” എന്നായിരുന്നു ദ്യുതിയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook