ഫുട്ബോള്‍ കളിക്കിടെ ഗോളിക്ക് ദാഹിച്ചാല്‍ എന്ത് ചെയ്യും? ഇടവേളയ്ക്കായി കാത്തിരുന്ന ശേഷം വെളളം കുടിക്കുമെന്നായിരിക്കും. എന്നാല്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിലെ ഡൂയിസ് ബെര്‍ഗിന്റെ ഗോളി മാര്‍ക് ഫ്‌ളെക്കന്‍ ചെയ്തത് ഇതൊന്നുമല്ല. ഗോള്‍മുഖത്തേക്ക് എതിര്‍ ടീമിന്റെ കളിക്കാരന്‍ പാഞ്ഞടുക്കുന്ന സമയം അദ്ദേഹം വെളളം കുടിക്കുന്ന തിരക്കിലായിരുന്നു.

ഇന്‍ഗോള്‍സ്റ്റാഡുമായി ശനിയാഴ്ച്ച നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. 18ാം മിനുട്ടില്‍ എതിര്‍ ടീമിന്റെ ഗോളി നീട്ടിയടിച്ച പന്ത് ഡൂയിസ് ബര്‍ഗ് പ്രതിരോധതാരം ഗോളിയെ ലക്ഷ്യമാക്കി നല്‍കി. എന്നാല്‍ അപ്പോള്‍ മാര്‍ക് ഫ്‌ളെക്കന്‍ വെള്ളം കുടിക്കാന്‍ പോയ സമയമായിരുന്നു. സ്വന്തം വലയിലേക്ക് പന്ത് കയറുന്നത് നിസഹായനായി നോക്കി നില്‍ക്കാനേ ഫ്‌ളെക്കന് കഴിഞ്ഞുള്ളൂ.

ഒരു ലോക അബദ്ധം പിണഞ്ഞെന്ന് കരുതി മോശം ഗോള്‍ കീപ്പറാണ് ഫ്‌ളെക്കനെന്ന് ധരിക്കരുത്. ശനിയാഴ്ച്ചത്തെ മത്സരത്തില്‍ തന്നെ എതിരാളികള്‍ക്ക് ലഭിച്ച പെനല്‍റ്റി ഗോളാകാതെ തടുത്തത് ഫ്‌ളെക്കനായിരുന്നു. പിന്നീട് ഡൂയിസ്ബര്‍ഗ് ഗോളടിച്ച് മത്സരത്തില്‍ മുന്നിലെത്തുകയും ചെയ്തു. നേരത്തെ ഫ്‌ളെക്കന്റെ അസാമാന്യ ഡ്രിബ്ലിംഗ് മികവിന്റെ വീഡിയോയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഫ്‌ളെക്കന് അബദ്ധം പിണഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളിലൂടെ ഇന്‍ഗോള്‍സ്റ്റാഡ് 2-1ന് മത്സരം വിജയിച്ചു.

എന്നാല്‍ പറ്റിപ്പോയ അബദ്ധത്തില്‍ ടീം അംഗങ്ങളോടും ആരാധകരോടും മാപ്പപേക്ഷിക്കുന്നതായി മാച്ചിന് ശേഷം അദ്ദേഹം പറഞ്ഞു. ഇനിയുളള മത്സരങ്ങളില്‍ ഏറെ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യകതമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ