മുംബൈ: നിരവധി പരിഷ്കാരങ്ങളുമായാണ് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പ് വരുന്നത്. ക്രിക്കറ്റിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ഡിസിഷൻ റിവ്യു സിസ്റ്റം ( ഡിആർഎസ്) ഐപിഎല്ലിൽ ഇത്തവണ നടപ്പിലാക്കും. ഈ സീസൺ മുതൽ ഡിആർഎസ് സംവിധാനം നടപ്പിലാക്കുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പ്രതികരിച്ചു.

വർഷങ്ങളായി ഈ സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിച്ച് വരുകയായിരുന്നുവെന്നും ഇത്തവണ അത് നടപ്പിലാക്കാൻ തീരുമാനം ആയി എന്നും​ ശുക്ല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മത്സരത്തിൽ ഓരോ ഇന്നിങ്സിലും ടീമുകൾക്ക് ഒറ്റത്തവണ ഡിആർഎസ് സംവിധാനം ഉപയോഗിക്കാം.

അമ്പയര്‍മാരുടെ തീരുമാനം തൃപ്തികരല്ലെങ്കില്‍ അത് പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമൊരുക്കുന്ന സംവിധാനമാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം. ഫീല്‍ഡ് അമ്പയര്‍മാരുടെ പിഴവുകള്‍ കഴിഞ്ഞ ഐപിഎല്ലുകളില്‍ കൂടുതലായി ആവര്‍ത്തിച്ചിരുന്നതിനാല്‍ അന്നേ ഡിആര്‍എസ് സിസ്റ്റത്തിനായി ടീമുകള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഡിആര്‍എസിന് അനുകൂലമായ തീരുമാനം ബിസിസിഐ കൈക്കൊണ്ടിരുന്നില്ല. ഇതിനോട് കടുത്ത എതിര്‍പ്പായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്.

ഐപിഎല്‍ കൂടി കണക്കിലെടുത്ത് ഡിസംബറില്‍ 10 ആഭ്യന്തര അംബയര്‍മാരെ ബിസിസിഐ തിരഞ്ഞെടുത്തിട്ടുണ്ട്. ഡിആര്‍എസ് പരിശോധനയ്ക്ക് വേണ്ടിയാണ് ഇത്രയും അംപയര്‍മാരെ തിരഞ്ഞെടുത്തത്. ഡിന്നിസ് ബേണ്‍സ് ആണ് ഇവർക്ക് പരിശീലനം നൽകിയത്. 2016ല്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിന് മുന്നോടിയായാണ് ഇന്ത്യ ഡിആര്‍എസ് ഉപയോഗിച്ച്‌ തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ