തിരുവനന്തപുരം: മുഹമ്മദ് കൈഫും യുവരാജ് സിങ്ങുമെല്ലാം പറന്നുനിന്ന ഇന്ത്യൻ ഫീൽഡിങ്ങിന് ഇപ്പോൾ മോശം സമയമാണ്. ഫീൽഡിങ്ങിൽ നിരന്തരം പിഴവുകൾ വരുത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ കാര്യവട്ടത്ത് നടന്ന രണ്ടാം ടി20 മത്സരത്തിലാണ് ഇതിന്റെ വില കോഹ്‌ലിപ്പട നന്നായി മനസിലാക്കിയത്. കൈവിട്ടുകളഞ്ഞ ക്യാച്ചിൽ മത്സരം തന്നെ വിൻഡീസിന് മുന്നിൽ അടിയറവ് വയ്ക്കേണ്ടി വന്നു ഇന്ത്യൻ ടീമിന്.

Also Read: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിലും ഇന്ത്യൻ ടീം അംഗങ്ങൾ രണ്ട് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിരുന്നു. തകർത്തടിച്ച ഹെറ്റ്മയറെ പുറത്താക്കാനുള്ള അവസരം വാഷിങ്ടൺ സുന്ദറും നായകൻ കിറോൺ പൊള്ളാർഡിനെ പുറത്താക്കാനുള്ള അവസരം രോഹിത് ശർമയുമാണ് കൈവിട്ടത്. എന്നാൽ കോഹ്‌ലിയുടെയും രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യ ജയം സ്വന്തമാക്കി.

എന്നാൽ തിരുവനന്തപുരത്തും വാഷിങ്ടൺ സുന്ദർ തെറ്റ് ആവർത്തിച്ചു. വിൻഡീസിനെ വിജയത്തിലേക്ക് നയിച്ച ലെൻഡി സിമ്മൻസിനെ പുറത്താക്കാൻ ലഭിച്ച അവസരം വാഷിങ്ടൺ സുന്ദർ കൈവിട്ടുകളഞ്ഞത്. രണ്ട് തവണയും ക്രീസിൽ ജീവൻ തിരിച്ചുകിട്ടിയ സിമ്മൻസ് തകർത്തടിച്ച് വെസ്റ്റ് ഇൻഡീസിന് ജയമൊരുക്കി. നിക്കോളാസ് പൂറാനെ ശ്രേയസിനും എവിൻ ലെവിസിനെ പിടിക്കാൻ വിക്കറ്റിന് പിന്നിൽ പന്തിനും സാധിക്കാതെ പോയത് വീണ്ടും കല്ലുകടിയായി.

അതേസമയം ബൗണ്ടറി ലൈനിൽ ഷിമ്രോൺ ഹെറ്റ്മയറെ പുറത്താക്കാൻ നായകൻ വിരാട് കോഹ്‌ലിയെടുത്ത ക്യാച്ച് കയ്യടി നേടിയിരുന്നു.

Also Read: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20 മത്സരത്തിന് ശേഷം ഫീൽഡിങ്ങിലെ പിഴവുകൾ നായകൻ കോഹ്‌ലി സമ്മതിക്കുകയും ചെയ്തു. “ഇങ്ങനെയാണ് ഞങ്ങൾ ഫീൽഡ് ചെയ്യുന്നതെങ്കിൽ ജയിക്കാൻ എത്ര റൺസെടുത്താലും മതിയാകില്ല. ഒരു ഓവറിൽ തന്നെ രണ്ടു തവണയാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. ആ രണ്ടു വിക്കറ്റും വീണെങ്കിൽ വിൻഡീസിന്റെ സമ്മർദം വർധിപ്പിക്കാൻ സാധിക്കുമായിരുന്നു.”

ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെക്കുറിച്ച് മുൻതാരം യുവരാജ് സിങ്ങും ട്വീറ്റ് ചെയ്തിരുന്നു. ” ഇന്ത്യ ഇന്ന് ഫീൽഡിലെ വളരെ മോശമായിരുന്നു. യുവതാരങ്ങൾ പന്തിനോട് പ്രതികരിക്കുന്നത് സാവധാനമാണ്,” യുവി ട്വിറ്ററിൽ കുറിച്ചു.

വരും മത്സരങ്ങളിൽ ഫീൾഡിങ്ങിൽ കൂടുതൽ മെച്ചപ്പെടേണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടുത്തോളം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് 2020ൽ ടി20 ലോകകപ്പ് ഉൾപ്പടെ മുന്നിലുള്ള സാഹചര്യത്തിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook