ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന പ്രശസ്ത പരസ്യചിത്രത്തിന് ശേഷം തിയേറ്ററുകൾ കീഴടക്കിയത് ദ്രാവിഡിന്റെ പുകയിലയ്ക്കെതിരെയുള്ള പരസ്യമായിരുന്നു. പുകയിലയ്ക്കെതിരെ നമുക്കൊരു വൻമതിലുയർത്താം എന്ന പേരിലിറങ്ങിയ പരസ്യം, ഇപ്പോൾ തിയേറ്ററുകൾ വിടാനൊരുങ്ങുകയാണ്.
ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ ഈ പരസ്യം പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് പരസ്യം പിൻവലിക്കുന്നത്. പകരം ‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പരസ്യങ്ങളാവും തിയേറ്ററുകളില്‍ പ്രദർശിപ്പിക്കുക.
“നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. നിങ്ങളുടെ സ്വന്തം തെറ്റുകൊണ്ടോ, പങ്കാളിയുടെ പിഴവ്കൊണ്ടോ ആകാം ഇത് സംഭവിക്കുക. പുകയില നിങ്ങൾക്ക് ദോഷം ചെയ്യും. വലിക്കുമ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളവരും പുകഞ്ഞ് തീരും. സ്മാർട്ടാകൂ…പുകയിലയെ അകറ്റി നിർത്തു.”
“സ്ലിപ്പില്‍ നില്ക്കുമ്പോള് ക്യാച്ച് മിസ്സാവില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്. അല്ലെങ്കില്‍ എന്റെ ടീമിന് മുഴുവന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുക വലിക്കുകയോ, പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുത്.”
ദ്രാവിഡിന്റെ പരസ്യത്തിലെ വാചകങ്ങളാണിത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരസ്യമാണ് ഇപ്പോൾ തിയേറ്ററിൽ നിന്ന് മാറുന്നത്. ട്രോളന്മാർക്കും ഏറെ പ്രിയപ്പെട്ട പരസ്യം ഇനി തിയേറ്ററുകളിൽ ഉണ്ടാകില്ല.