കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ത്രില്ലിങ് വിജയത്തോടെ ബംഗ്ലാദേശ് നിദാഹാസ് ട്രോഫിയുടെ ഫൈനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പക്ഷെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മൽസരം ഓര്‍മ്മിക്കപ്പെടുക ബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തിന്റെ പേരിലായിരിക്കില്ല, പകരം അവസാന ഓവറില്‍ അരങ്ങേറിയ സംഭവങ്ങളുടെ പേരിലായിരിക്കും.

ക്രിക്കറ്റിന്റെ സ്‌പിരിറ്റിനെ തന്നെ നാണം കെടുത്തുന്ന സംഭവങ്ങളായിരുന്നു അവസാന ഓവറില്‍ അരങ്ങേറിയത്. താരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തുടങ്ങി കളിയവസാനിപ്പിച്ച് മടങ്ങിവരാന്‍ ബംഗ്ലാദേശ് താരങ്ങളോട് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞതുവരെ എല്ലാം ക്രിക്കറ്റ് ലോകത്ത് വലിയ വിവദമായി മാറിയിരിക്കുകയാണ്.

അവസാന ഓവറില്‍ അഞ്ച് പന്തില്‍ നിന്നും 12 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സമ്മര്‍ദ്ദത്തിന്റെ നിമിഷങ്ങള്‍. ഇതിനിടെ ലങ്കന്‍ പേസര്‍ ഇസുറു ഉദാന എറിഞ്ഞ രണ്ട് പന്തുകള്‍ ഷോര്‍ട്ട് ബോളുകളായി. രണ്ടാം പന്തില്‍ ബംഗ്ലാ താരം മുസ്തഫിസൂര്‍ റഹ്മാന്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ബൗണ്‍സറായതിനാല്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിളിച്ചെന്ന് ബംഗ്ലാദേശ് താരങ്ങള്‍ വാദിക്കുകയായിരുന്നു.

ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരം കുസാല്‍ മെന്‍ഡിസും തമ്മില്‍ വാക്ക് തര്‍ക്കമായി. ഈ സമയം ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന ബംഗ്ലാദേശ് നായകന്‍ എല്ലാവരേയും ഞെട്ടിച്ച നീക്കം നടത്തുകയായിരുന്നു. കളിയവസാനിപ്പിച്ച് മടങ്ങി വരാന്‍ ഷാക്കിബ് ബാറ്റ്‌സ്മാന്മാരോട് ആവശ്യപ്പെട്ടു. മാച്ച് റഫറിയുമായി ഇതേ ചൊല്ലി ഷാക്കിബ് തര്‍ക്കിക്കുകയും ചെയ്തു.

കളി പുനരാരംഭിക്കുകയും ബംഗ്ലാദേശ് വിജയിക്കുകയും ചെയ്‌തെങ്കിലും സംഘര്‍ഷാന്തരീക്ഷത്തിന് അയവുവന്നില്ല. മൽസരശേഷം ബംഗ്ലാദേശ് താരങ്ങളും ലങ്കന്‍ താരങ്ങളും തമ്മില്‍ മൈതാനത്ത് വച്ച് കോര്‍ത്തു. കോബ്രാ ഡാന്‍സ് കളിച്ച് ലങ്കയെ പരിഹസിച്ചതാണ് കളിയ്ക്ക് ശേഷം അടിയ്ക്ക് കാരണമായത്.

സംഭവത്തില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നില്ലെന്നും അതിനാല്‍ നിയമപ്രകാരം തന്നെയാണ് പുറത്തായതെന്നുമായിരുന്നു ലങ്കന്‍ താരം കുസാല്‍ പെരേരയുടെ പ്രതികരണം. എന്നാല്‍ ആദ്യം സ്‌ക്വയര്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നതാണെന്നും പിന്നീട് എന്തുകൊണ്ട് തീരുമാനം മാറ്റിയതെന്ന് അറിയില്ലെന്നുമായിരുന്നു ഷാക്കിബിന്റെ പ്രതികരണം. അമ്പയർമാര്‍ താനുമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ