കൊച്ചി: ഒളിംപിക്സ് ഹോക്കിയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് കാവല്‍ക്കാരനായി നിന്ന മലയാളി താരം പി.ആര്‍.ശ്രീജേഷും ഇനി കോടിപതി. താരത്തിന്റെ പ്രകടന മികവിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനുമായ ഡോക്ടര്‍ ഷംഷീര്‍ വയലില്‍. അടുത്ത ദിവസം കൊച്ചിയില്‍ വച്ചു നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിക്കുക.
“ഹോക്കിയില്‍ വെങ്കലം നേടുന്നതില്‍ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികമായി സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്,” ഡോക്ടര്‍ ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിച്ചു.
ടോക്കിയോയില്‍ നിന്ന് പുറപ്പെടും മുന്‍പാണ് ഡോ.ഷംഷീര്‍ ശ്രീജേഷിനെ നേരിട്ട് വിളിച്ച് സമ്മാന തുകയുടെ കാര്യം അറിയച്ചതും അഭിനന്ദിച്ചതും. ‘ഒരു മലയാളിയില്‍ നിന്ന് ലഭിക്കുന്ന സമ്മാനം വിലമതിക്കാനാവാത്തതാണ്. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം അദ്ദേഹത്തിനോട് നന്ദി, ശ്രീജേഷ് പ്രതികരിച്ചു.
കേരള ഹോക്കി ഫെഡറേഷന്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ ശ്രീജേഷിനുള്ള പാരിതോഷികത്തെ പറ്റി പറയാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഇതുവരെ ആറ് കോടി രൂപയാണ് സമ്മാനമായി മാത്രം പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്