Russia Winters Olympics 2022 Ban: മോസ്‌കോ: കായികരംഗത്ത് റഷ്യയ്ക്ക് വിലക്ക്. നാലു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി (വാഡ) റഷ്യയെ വിലക്കിയത്.
ഇതോടെ അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. 2021 ലെ ലോക ചാംപ്യൻഷിപ്പ്, 2022 ലെ ഫിഫ ലോകകപ്പ് എന്നിവയും റഷ്യയ്‌ക്ക് നഷ്ടപ്പെടും. കായികരംഗത്ത് വലിയ തിരിച്ചടിയാണ് റഷ്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
അതേസമയം, ഉത്തേജക മരുന്ന് പരിശോധനയിൽ വിജയിക്കുന്ന റഷ്യയിലെ കായിക താരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിംപിക്‌സിൽ മത്സരിക്കാനാവും. ദേശീയ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മാത്രം. നാല് വർഷത്തേക്കാണ് സ്വതന്ത്ര പതാകയുടെ കീഴിൽ മത്സരിക്കാൻ സാധിക്കുക.
Read Also: റഷ്യയുടെ വിലക്ക്: കൂടുതൽ വിവരങ്ങൾ അറിയാം
കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന പദ്ധതി നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു റഷ്യയ്‌ക്കെതിരെ നടപടിയെടുക്കാൻ ശിപാർശ വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി റഷ്യ കായികതാരങ്ങള്‍ക്ക് ഉത്തേജകമരുന്ന് നല്‍കുന്നതായി വിസില്‍ ബ്ലോവര്‍മാരും നിരീക്ഷകരും ആരോപിക്കുന്നുണ്ട്. ഇതിനെ ത്തുടര്‍ന്ന് പല പ്രമുഖ രാജ്യാന്തര ഫെഡറേഷനുകളും റഷ്യയുടെ കായികതാരങ്ങളെ പ്രധാന മത്സരങ്ങളില്‍നിന്നു തടയുകയുണ്ടായി.
കായികതാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോപ്പിങ് റെഗുലേറ്റര്‍മാര്‍ക്കു മോസ്‌കോയിലെ ലബോറട്ടറിയില്‍നിന്നു കൈമാറണമെന്ന വ്യവസ്ഥയില്‍ 2018 സെപ്റ്റംബറില്‍ വാഡ ഉപരോധം നീക്കി. വിവിധ കായിക ഇനങ്ങളില്‍ കൃത്രിമം കാണിച്ച നൂറുകണക്കിന് കായികതാരങ്ങളെ തിരിച്ചറിയാന്‍ റഷ്യയുടെ പുതിയ തീരുമാനത്തിലൂടെ കഴിയുമായിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷമുണ്ടായ വെളിപ്പെടുത്തല്‍ റഷ്യയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി. കൃത്യമായി ആസൂത്രണം ചെയ്ത ഉത്തേജകമരുന്ന് പദ്ധതി സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ നടക്കുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. മറ്റൊരു വിസില്‍ ബ്ലോവറും റഷ്യന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ റുസാഡയുടെ മുന്‍ മേധാവിയുമായ ഗ്രിഗറി റോഡ്ചെങ്കോവ് ന്യൂയോര്‍ക്ക് ടൈംസിനോടാണു വെളിപ്പെടുത്തല്‍ നടത്തിയത്.