മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യും. ഇത് ആദ്യമായാണ് ഐപിഎൽ മൽസരങ്ങൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ കർശനമായ നിയന്ത്രങ്ങൾവച്ച് കൊണ്ടാണ് ദൂരദർശനിൽ മൽസരങ്ങൾ സംപ്രേക്ഷണം ചെയ്യുക.

ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മൽസരം ദൂരദർശനിൽ പ്രദർശിപ്പിക്കുക. ഞായറാഴ്ച നടക്കുന്ന മൽസരങ്ങളിൽ ഒരെണ്ണം മാത്രമാകും ദൂരദർശനിൽ പ്രദർശിപ്പിക്കുക. ഒരു മണിക്കൂർ വൈകി മാത്രമായിരിക്കും മൽസരത്തിന്റെ സംപ്രേക്ഷണം ഉണ്ടാവുക.

ഞായറാഴ്ചകളിൽ രണ്ട് മൽസരങ്ങൾ​ വീതമാണ് ഉണ്ടാവുക. കേന്ദ്ര വാർത്ത- വിനിമയ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഐപിഎൽ മൽസരങ്ങൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാൻ സ്റ്റാർ സ്‌പോർട്സ് അധികൃതർ സമ്മതിച്ചത്. റെക്കോർഡ് തുകയ്ക്കാണ് ഐപിഎൽ മൽസരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്റ്റാർ സ്‌പോർട്സ് സ്വന്തമാക്കിയത്.

ലേലത്തിൽ 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 24 കമ്പനികൾ പങ്കെടുത്ത ലേലത്തിൽ സോണി പിക്‌ചേഴ്സും, ജിയോ (റിലയൻസ് ഗ്രൂപ്പ്) എന്നീ ഭീമൻമാരെ പിന്തള്ളിയാണ് സ്റ്റാർ ഇന്ത്യ സംപ്രേക്ഷണവാകാശം നേടിയെടുത്തത്.

6 വർഷത്തേക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാർ ഇന്ത്യ പിടിച്ചത്. 2018 മുതല്‍ 2024 വരെ ഐപിഎല്‍ ഇനി സ്റ്റാര്‍ ഇന്ത്യയിലൂടെയാകും ആരാധകര്‍ കാണുക. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 554 ശതമാനം വര്‍ധനവാണ് ലേലത്തുകയിലുണ്ടായത്. 2008ല്‍ 8200 കോടി രൂപയ്ക്ക് സോണി പികചേഴ്സ് നെറ്റ്‌വര്‍ക്കാണ് ഐപിഎല്‍ മാധ്യമ അവകാശം പത്തു വര്‍ഷത്തേക്ക് സ്വന്തമാക്കിയിരുന്നത്.

ഐപിഎല്ലിന്റെ ആഗോള ഡിജിറ്റൽ അവകാശം മൂന്നു വര്‍ഷത്തേക്ക് 302.2 കോടി രൂപയ്ക്ക് നോവി ഡിജിറ്റലിന് നേരത്തെ കൈമാറിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook