/indian-express-malayalam/media/media_files/uploads/2018/11/harbhajan-singh.jpg)
കരണ്‍ ജോഹറിന്‍റെ 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്. ഇരുവരും ക്രിക്കറ്റിന്റേയും ക്രിക്കറ്റ് കളിക്കുന്നവരുടേയും പ്രതിച്ഛായ തകര്‍ത്തെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയ്ക്കും മകള്‍ക്കും അടുത്ത് പാണ്ഡ്യയും രാഹുലുമുണ്ടെങ്കില്‍ താന്‍ അതൃപ്തനായിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
'നിങ്ങള്‍ തന്നെ പറയൂ, നാളെ നിങ്ങള്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്കിടെ അവരെ കണ്ടുവെന്ന് കരുതുക, അവരോട് നിങ്ങള്‍ സംസാരിക്കാന്‍ തയാറാകുമോ ? ഞാന്‍ സംസാരിക്കില്ല. സത്യം പറഞ്ഞാല്‍, എന്‍റെ ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ രാഹുലും പാണ്ഡ്യയുമുള്ള ബസില്‍ പോലും ഞാന്‍ യാത്ര ചെയ്യില്ല. അവര്‍ക്ക് എങ്ങനെയായിരിക്കും അത് ഫീല്‍ ചെയ്യുക. നിങ്ങള്‍ സ്ത്രീകളെ ഒരു കണ്ണിലൂടെ മാത്രം നോക്കുന്നത് ശരിയല്ലല്ലോ,' ഹര്‍ഭജന്‍ പറഞ്ഞു.
'നമ്മുടെ സുഹൃത്തുക്കളോട് പോലും ഇത്തരം കാര്യങ്ങള്‍ സംസാരിക്കില്ല. അവര്‍ പരസ്യമായാണ് സംസാരിച്ചത്. ഇപ്പോള്‍ ജനങ്ങള്‍ വിചാരിക്കും ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇത്തരക്കാരാണെന്ന്. പാണ്ഡ്യയും രാഹുലും ചേര്‍ന്ന് ടീമിന്‍റെ മൊത്തം പ്രതിച്ഛായയ്ക്കാണ് കളങ്കം വരുത്തിയിരിക്കുന്നത്. ടീമില്‍ ഇന്നേവരെ ഇത്തരം നിന്ദ്യമായ സംസ്കാരം ആരുമുണ്ടാക്കിയിട്ടില്ല. രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്ന് അവരെ വിലക്കിയിട്ട് കാര്യമില്ല,' ഹര്‍ഭജന്‍ പറഞ്ഞു.
'പുലര്‍ച്ചെ അഞ്ച് മണി വരെ പാര്‍ട്ടിയില്‍ ആഘോഷിക്കുന്നു. എന്നിട്ട് രാജ്യത്തിന് വേണ്ടി കളിക്കുന്നു. നിങ്ങളുടെ പ്രധാന കടമ രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നതാണെന്ന് മറക്കരുത്. ഇഷ്ടം പോലെ സമയം വെറുതെ കളയാനുള്ളപ്പോള്‍ നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ. പുലര്‍ച്ചെ അഞ്ച് മണി വരെ രാഹുല്‍ പുറത്തായിരുന്നത് എന്തു കൊണ്ട് അധികൃതര്‍ അന്വേഷിച്ചില്ലെന്നും'' ഹര്‍ഭജന്‍ ചോദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.