മുംബൈ: മഹേന്ദ്ര സിങ് ധോണി എന്ന് വിരമിക്കുമെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി രോഹിത് ശർമ രംഗത്ത്. ധോണി വിരമിക്കുന്നില്ലേ എന്ന് ചോദിക്കുന്നവർ ക്രിക്കറ്റ് കാണാറില്ലേ എന്ന രസകരമായ മറുചോദ്യമാണ് രോഹിതിന് ഉന്നയിക്കാനുള്ളത്. പ്രായമെന്നത് ക്രിക്കറ്റിൽ ഒരു ഘടകമല്ല, എങ്ങനെ കളിക്കുന്നു എന്നതിലാണ് കാര്യമെന്നും ധോണിയുടെ സമീപകാല പ്രകടനം മികവുറ്റതായിരുന്നുവെന്നും രോഹിത്ത് ശർമ്മ പ്രതികരിച്ചു.

ധോണിയുടെ ഫോമിനെ ചോദ്യം ചെയ്യുന്നവർക്ക് ക്രിക്കറ്റിനെപ്പറ്റി കാര്യമായ അവബോധമില്ല. ധോണിക്കെതിരെ ഇത്രയും ചോദ്യങ്ങൾ ഉയരുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും രോഹിത് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2019 ലോകകപ്പിൽ അദ്ദേഹം കളിക്കുന്നതിനെപ്പറ്റി ഇപ്പോഴേ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ലോകകപ്പിന് ഇനിയും ഒരുപാട് നാളുകൾ ശേഷിക്കുന്നുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഏകദിന ക്രിക്കറ്റിൽ ആറാമനായാണ് ധോണി എപ്പോഴും ഇറങ്ങുന്നത്. വളരെ കുറച്ച് ബോളുകളെ അദ്ദേഹത്തിന് കളിക്കാൻ കഴിയാറുള്ളു. ഈ പൊസിഷനിൽ കളിക്കുന്നതിന്റെ പരിമിതിയിൽ നിന്ന് കൊണ്ട് അദ്ദേഹം മികച്ച രീതിയിലാണ് കളിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല അദ്ദേഹം കളിക്കുന്നതെന്നും ഒരു കംപ്ലീറ്റ് ടീം പ്ലെയറാണ് ധോണിയെന്നും രോഹിത് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20യിൽ ധോണിയുടെ ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയത് ടീം ആലോചിച്ചെടുത്ത തീരുമാനമാണ്. 3 മൽസരങ്ങളിലും ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. വിമർശനങ്ങൾക്ക് മുന്നേ മൽരത്തിലെ സാഹചര്യമെന്തായിരുന്നുവെന്ന് എല്ലാവരും ചിന്തിക്കണമെന്നും രോഹിത് പ്രതികരിച്ചു.

രോഹിത് ശർമ നയിച്ച ട്വന്റി-20 പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ധോണി മൂന്നാമനായാണ് ഇറങ്ങിയത്. ആദ്യ മൽസരത്തിൽ 39 ഉം, രണ്ടാം മൽസരത്തിൽ 28ഉം റൺസാണ് ധോണി നേടിയത്. മൂന്നാം മൽസരത്തിൽ ആറാമനായി ഇറങ്ങിയ ധോണി പുറത്താകാതെ 16 റൺസും നേടിയിരുന്നു.

അടുത്തകാലത്തായി ധോണിയുടെ ഓരോ ബാറ്റിങ് പിഴവുകളും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് ധോണിയെ പിന്തുണച്ച് ടീം അംഗങ്ങളും പരിശീലകരും രംഗത്ത് വന്നത്. പത്ത് വയസോളം ഇളയതായ യുവതാരങ്ങളേക്കാള്‍ വേഗതയും ഫിറ്റ്നസും ധോണിക്ക് ഉണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ കുറിച്ച് കുറ്റം പറയുന്നവര്‍ അവരുടെ 36-ാം വയസിലെ കരിയര്‍ എന്താണെന്ന് വിശകലനം ചെയ്ത് നോക്കണമെന്നും രവിശാസ്ത്രി പറഞ്ഞു. ‘ഞങ്ങള്‍ വിഡ്ഢികള്‍ ഒന്നുമല്ല, കഴിഞ്ഞ 30-40 വര്‍ഷത്തോളമായി ക്രിക്കറ്റിനെ നോക്കിക്കാണുന്നയാളാണ് ഞാന്‍. പിന്നിലും ധോണിയെ കവച്ചുവയ്ക്കാന്‍ ഇന്ന് ക്രിക്കറ്റില്‍ മറ്റൊരു താരമില്ല’, രവിശാസ്ത്രി പറഞ്ഞിരുന്നു.

മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദും കഴിഞ്ഞ ദിവസം ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ലോകത്ത് തന്നെ മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ദിവസവും ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യാറുണ്ട്. നിലവില്‍ ലങ്കയ്ക്ക് എതിരെ നടക്കുന്ന മൽസരങ്ങളില്‍ ധോണി ശരിക്കും വിക്കറ്റിന് പിന്നില്‍ മികവുറ്റ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്’, പ്രസാദ് പറഞ്ഞു.

‘ധോണിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടേക്കൂ, ലോക ക്രിക്കറ്റില്‍ തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താന്‍​ കഴിയുന്ന മറ്റൊരു വിക്കറ്റ് കീപ്പറില്ല’ 2019 ലോകകപ്പില്‍ യുവതാരങ്ങളെ കീപ്പിങ് സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് പ്രസാദ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ