കുട്ടിക്രിക്കറ്റില്‍ താന്‍ അപകടകാരിയാണെന്ന് ഓസീസ് ഓപ്പണര്‍ ക്രിസ് ലിന്‍ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. ടി10 ക്രിക്കറ്റില്‍ റെക്കോര്‍ഡ് തകര്‍ത്ത വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് ലിന്‍ അമ്പരപ്പിച്ചത്. വെറും 30 പന്തുകളില്‍നിന്നു 91 റണ്‍സ് നേടിയ ലിന്‍ അലക്‌സ് ഹെയില്‍സിന്റെ റെക്കോര്‍ഡും തകര്‍ത്തു. 32 പന്തുകളില്‍നിന്ന് 87 റണ്‍സ് നേടിയ ഹെയില്‍സിന്റെ റെക്കോര്‍ഡാണ് ലിന്‍ തകര്‍ത്തത്. ഇനി ട10 ലീഗിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ ലിന്‍ ആണ്.

കഴിഞ്ഞ ദിവസമാണ് ലിന്നിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റിലീസ് ചെയ്തത്. കൊല്‍ക്കത്തയുടെ തീരുമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് താരത്തിന്റെ പ്രകടനം. അബദ്ധം പറ്റിയെന്ന് കെകെആറിന് തോന്നിയാല്‍ തെറ്റുപറയാനാകില്ല. പിന്നാലെ ഇത് ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും രംഗത്തെത്തി. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സില്‍ ലിന്നിന്റെ സഹതാരമാണ് യുവി.

ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്തയുടെ തീരുമാനം തെറ്റാണെന്നായിരുന്നു യുവിയുടെ പ്രതികരണം. അതേസമയം, ഇതേക്കുറിച്ച് ടീമുടമ ഷാരൂഖ് ഖാനെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും യുവി തമാശയായി പറഞ്ഞു. കഴിഞ്ഞ സീസണില്‍ 13 മത്സരത്തില്‍ നിന്നും 405 റണ്‍സാണ് ലിന്‍ ഐപിഎല്ലില്‍ നേടിയത്. ടീം പിന്നോട്ട് പോയപ്പോഴും മികച്ച പ്രകടനം ലിന്‍ തുടര്‍ന്നിരുന്നു.

”അവരെന്തുകൊണ്ട് അവനെ നിലനിര്‍ത്തിയില്ലെന്ന് എനിക്ക് മനസിലാകുന്നില്ല. മോശം തീരുമാനം. ഇതേക്കുറിച്ച് എസ്ആര്‍കെയ്ക്ക് മെസേജ് അയക്കണം. വിശ്വസനീയമായിരുന്നു ലിന്നിന്റെ പ്രകടനം. അവനെ ഞാന്‍ ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്. കൊല്‍ക്കത്തയ്ക്ക് ഒരുപാട് തവണ നല്ല തുടക്കം നല്‍കിയിട്ടുണ്ട്. അതുപോലെ ഇന്ന് ബാറ്റ് ചെയ്യുന്ന ലിന്നിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം” യുവി പറഞ്ഞു.

നിലവില്‍ ടി10 ലീഗില്‍ ഒന്നാമതാണ് അറേബ്യന്‍സ്. രണ്ട് മത്സരങ്ങള്‍ ജയിച്ച ടീം ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ യുവരാജിന് തിളങ്ങാനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച യുവി മൂന്നാം മത്സരത്തിനുണ്ടായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook