ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്ത്. വളരെ കഴിവുള്ള താരമായിട്ടും പലപ്പോഴും അശ്രദ്ധയോടെയാണ് പന്ത് കളിക്കളത്തില്‍ പെരുമാറുന്നതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളും പറഞ്ഞിട്ടുണ്ട്.
ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് പന്തിന്റെ കായിക ഭാവിക്കു തന്നെ തിരിച്ചടിയാകുമെന്നാണ് പല മുതിര്‍ന്ന താരങ്ങളും നേരത്തെ പറഞ്ഞിട്ടുള്ളത്. ഇന്ത്യ ഭാവിവാഗ്‌ദാനമെന്ന് കരുതുന്ന പന്തിന് മികച്ചൊരു ഉപദേശം നല്‍കുകയാണ് ഓസീസ് ഇതിഹാസവും ഇന്ത്യയില്‍ ഏറെ ആരാധകരുമുള്ള ആദം ഗില്‍ക്രിസ്റ്റ്.
Read Also: ‘ഭൂതവും ഭാവിയും ഒരു ഫ്രെയിമില്‍’; ധോണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പന്ത്
ഋഷഭ് പന്തിനോട് ധോണിയെ അനുകരിക്കരുതെന്നാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായിരുന്ന ഗില്‍ക്രിസ്റ്റ് പറയുന്നത്. അടുത്ത ധോണിയാകാനുള്ള ശ്രമങ്ങള്‍ പന്ത് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ഗില്‍ക്രിസ്റ്റ് ഉപദേശിക്കുന്നു.
“തന്നിലുള്ള കഴിവ് പൂര്‍ണ്ണമായും പുറത്തെടുക്കാനും അതിനെ പോഷിപ്പിക്കാനുമാണ് പന്ത് ശ്രദ്ധിക്കേണ്ടത്. ധോണിയെ അനുകരിക്കുന്നത് ഉപേക്ഷിക്കണം. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും എനിക്കു പറയാനുള്ള ഒരൊറ്റ കാര്യമാണ്. പന്തിനെ ധോണിയുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ഒരിക്കലും ശ്രമിക്കരുത്. ആരും ആര്‍ക്കും പകരക്കാരാകുന്നില്ല.” ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Read Also: വന്‍ ദുരന്തമായ ഡിആര്‍എസ് തീരുമാനങ്ങള്‍; പന്തിനോട് ധോണിയെ കണ്ടുപഠിക്കാന്‍ ആരാധകര്‍
“എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് ഞാനിതു പറയുന്നത്. മറ്റൊരു ഇയാന്‍ ഹീലിയാകാന്‍ അല്ല ഞാന്‍ ശ്രമിച്ചത്. ഇയാന്‍ ഹീലിയില്‍ നിന്നു ഞാന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. അദ്ദേഹത്തില്‍ നിന്നു നിരവധി കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. പക്ഷേ, ഞാന്‍ ആഗ്രഹിച്ചത് ആദം ഗില്‍ക്രിസ്റ്റ് ആകാനാണ്. ഇതുതന്നെയാണ് പന്തിനു നല്‍കാനുള്ള ഉപദേശവും.” ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനാണ് ഇയാന്‍ ഹീലി.
പന്തിലുള്ള മികച്ച കഴിവുകള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടത്. ഏറ്റവും ബെസ്റ്റ് എന്താണോ അത് പുറത്തെടുക്കുക. ധോണിയില്‍ നിന്നു കാര്യങ്ങള്‍ പഠിക്കുക. പക്ഷേ, ധോണിയാകാന്‍ പന്ത് ശ്രമിക്കരുതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.