കഴിഞ്ഞ 15-20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമെന്ന് ഒരു അഭിമുഖത്തിലാണ് കോച്ച് രവി ശാസ്ത്രി അവകാശപ്പെട്ടത്. രവി ശാസ്ത്രിയുടെ ഈ അവകാശവാദത്തെ തളളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടക്കമുളളവർ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയും രവി ശാസ്ത്രിയുടെ അവകാശവാദത്തെ തളളിയിരിക്കുന്നു.
വിരാട് കോഹ്ലിയുടെ നായകത്വത്തിലുളള ഇപ്പോഴത്തെ ടീം അത്ര മികച്ചതല്ലെന്നും ഇതിനെക്കാൾ മികച്ച ടീമുമായി മുൻപ് താൻ കളിച്ചിട്ടുണ്ടെന്നുമാണ് ഇസ്പിഎന്നിനു നൽകിയ അഭിമുഖത്തിൽ സ്റ്റീവ് വോ പറഞ്ഞത്.
”വളരെ മികച്ച താരങ്ങളുമായി മുൻപ് ഞാൻ കളിച്ചിട്ടുണ്ട്. അവരെക്കാൾ മികച്ചവരാണ് ഇപ്പോഴത്തെ ടീമിൽ ഉളളതെന്ന് ഞാൻ കരുതുന്നില്ല,” 52 കാരനായ സ്റ്റീവ് വോ പറഞ്ഞു. തന്റെ ടീമിന് ഊർജ്ജം പകരുന്നതിനുവേണ്ടിയാണ് രവി ശാസ്ത്രി ഇങ്ങനെയൊക്കെ പറയുന്നത്. എന്നാൽ ഇത്തരത്തിലുളള അവകാശവാദങ്ങൾ ഒഴിവാക്കേണ്ടതാണെന്നും വോ പറഞ്ഞു.
”രവി ശാസ്ത്രി പറഞ്ഞത് നല്ലൊരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല, അത് ടീമിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയേ ഉളളൂ. ഒരു തവണ അവർ പരാജയപ്പെട്ടാൽ, പിന്നെ വിമർശനങ്ങൾ മാത്രമായിരിക്കും കേൾക്കേണ്ടി വരിക. കോച്ചെന്ന നിലയിൽ തന്റെ ഭാഗം ശരിയെന്നു വരുത്താനാണ് ശാസ്ത്രി ഇങ്ങനെയൊക്കെ പറയുന്നത്. പക്ഷേ ഇത്തരത്തിലുളള കമന്റുകൾ തന്റെ ഉളളിൽ തന്നെ വയ്ക്കുകയാണ് വേണ്ടത്,” വോ പറഞ്ഞു.
രവി ശാസ്ത്രിയെ വിമർശിച്ച സ്മിത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഏറെ പ്രശംസിക്കുകയും ചെയ്തു. ”അയാൾ നല്ലൊരു കളിക്കാരനാണ്. സച്ചിൻ തെൻഡുൽക്കറെയും ലാറയെയും പോലെയാണ് അയാൾ. അയാളൊരു അപകടകാരിയാണ്, അതോടൊപ്പം നല്ലൊരു ബാറ്റ്സ്മാനാണ്,” വോ വ്യക്തമാക്കി.