ലണ്ടൻ: ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ വിജയിച്ചപ്പോൾ ജേഴ്‌സി ഊരി വീശിയുള്ള സൗരവ് ഗാംഗുലിയുടെ ആഹ്ളാദ പ്രകടനം. ആരാധക ലക്ഷങ്ങളെ ഇന്ന് ആവേശത്തിലാക്കും ഈ ഓർമകൾ. ആന്‍ഡ്രൂ ഫ്ളിന്റോഫിനോടുള്ള ഒരു പ്രതികാരം കൂടിയായിരുന്നു ഗാംഗുലിടെ ആഹ്ലാദപ്രകടനം. 2002ല്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡയിത്തില്‍ പതിനായിരക്കണക്കിന് ആരാധകരുടെ മുന്നില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ജഴ്‌സിയൂരിയാണ് ഫ്‌ളിന്റോഫ് അതിനെ വരവേറ്റത്. ആ നൈരാശ്യത്തിന് അതേ വര്‍ഷം തന്നെ ഇംഗ്ലണ്ടുകാരെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചാണ് ഗാംഗുലി മറുപടി നൽകിയത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ആ ജഴ്‌സിയൂരല്‍ ഒരിക്കൽ കൂടി ചര്‍ച്ചയായി. ചാമ്പ്യന്‍സ് ട്രോഫി നടക്കുന്ന ഓവലിലെ സ്‌റ്റേഡിയത്തിലായിരുന്നു ചർച്ച. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയില്‍ മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ അതേര്‍ട്ടനാണ് അക്കാര്യം ഗാംഗുലിയെ ഓര്‍മിപ്പിച്ചത്.

മത്സരത്തിനിടെ ഫ്‌ളിന്റോഫിനെ കണ്ടപ്പോള്‍ ദാദക്കൊപ്പം കമന്ററി ചെയ്തിരുന്ന മൈക്ക് അതേര്‍ട്ടന്‍ ഫ്‌ളിന്റോഫ് ഗ്രൗണ്ടിലുണ്ട്, ഷര്‍ട്ടൂരി വീശി ആഹ്‌ളാദ പ്രകടനം നടത്തണ്ട എന്നാണ് സൗരവിനോട് പറഞ്ഞത്. പണ്ട് ഫ്ളിന്റോഫ് ജേഴ്സി ഊരി വീശുകയും താങ്കളെ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ മോശമായ കാഴ്ച്ചകളിലൊന്നായിരുന്നു അത് എന്നും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗാംഗുലിയോട് പറഞ്ഞു.

അതേര്‍ട്ടന്റെ നര്‍മ്മം കലർന്ന അഭിപ്രായപ്രകടനത്തിന് ‘താങ്കളങ്ങനെ കരുതുന്നുണ്ടോ?’ എന്നുമാത്രമായിരുന്നു സൗരവ് ഗാംഗുലിയുടെ മറുപടി.

അതേസമയം, ഇവർ കമന്ററി ചെയ്ത മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയോട് കനത്ത പരാജയം ഏറ്റുവാങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്നാം മത്സരം ഇന്ത്യക്ക് അതിനിർണായകമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ