യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സാക്ഷാല്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ട് പുറത്തായെങ്കിലും സുമിത് നഗല്‍ എന്ന ഇന്ത്യാക്കാരന് ടെന്നീസ് ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. തന്റെ നേട്ടത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സുമിത് ഓര്‍ക്കുന്നത് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെയാണ്
Read Here: ഇതിഹാസ താരം ഫെഡററെ ഞെട്ടിച്ച ആദ്യ ഇന്ത്യക്കാരന്; താരമായി സുമിത് നാഗല്‍
സുമിത്തിന്റെ ട്രെയിനിങ്ങുകളുടേയും ടൂര്‍ണമെന്റുകളുടേയും ചിലവ് വഹിക്കുന്നത് വിരാട് കോഹ്ലിയുടെ വിരാട് കോഹ്ലി ഫൗണ്ടേഷനാണ്. ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തില്‍ വിരാട് കോഹ്ലിയ്ക്കും അദ്ദേഹത്തിന്റെ സംഘടനയ്ക്കും സുമിത് നന്ദി പറഞ്ഞു.
”2017 മുതല്‍ വിരാട് കോഹ്ലി ഫൗണ്ടേഷന് എന്നെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. വിരാട് കോഹ് ലി എന്ന സഹായിച്ചില്ലായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നെനിക്കറിയില്ല”
”ഈ വര്‍ഷമാദ്യം, കാനഡയില്‍ നിന്നും ജര്‍മനിയിലേക്ക് ഒരു ടൂര്‍ണമെന്റിനായി പോകുമ്പോള്‍ എന്റെ കൈയ്യിലുണ്ടായിരുന്നത് ആറ് ഡോളര്‍ മാത്രമാണ്. ആലോചിച്ചു നോക്കൂ, ഞാന്‍ കടന്നു പോയ അവസ്ഥയെ കുറിച്ച്. പക്ഷെ ഞാന്‍ രക്ഷപ്പെട്ടു. കാര്യങ്ങള്‍ ഇപ്പോള്‍ മാറി വരികയാണ്. അത്ലറ്റുകള്‍ക്ക് ഫണ്ട് നല്കിയാല് രാജ്യത്തെ സ്പോര്‍ട്സ് വളരും. വിരാടില്‍ നിന്നും ആ സഹായം ലഭിച്ച ഞാന്‍ ഭാഗ്യവാനാണ്” സുമിത് പറഞ്ഞു.
കഴിഞ്ഞ മാസം 22 തികഞ്ഞ സുമിത് ഗ്രാന്റ് സ്ലാം മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ്. സുമിത്തിന് മികച്ചൊരു കരിയര്‍ മുന്നിലുണ്ടെന്ന് സാക്ഷാല്‍ ഫെഡറര്‍ തന്നെ പറയുമ്പോള്‍, പേസും ഭൂപതിയുമൊക്കെ കഴിഞ്ഞും ഇന്ത്യയുടെ ടെന്നീസ് ചരിത്രം മുന്നോട്ട് പോകുമെന്ന് കൂടിയാണ് അത് വായിക്കപ്പെടേണ്ടത്.