വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻ സ്ഥാനത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. കോഹ്‌ലി അധിക നാൾ ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുമോ എന്നു തനിക്ക് ഉറപ്പില്ലെന്ന് ഇഎസ്‌പിഎൻ ക്രിക്ഇൻഫോയോടാണ് സ്മിത്ത് പറഞ്ഞത്.

”വർഷാവസാനത്തിൽ കുറേ നാളുകൾ കോഹ്‌ലി കളിയിൽനിന്നും വിട്ടുനിന്നിരുന്നു. അതിനുശേഷം മടങ്ങിയെത്തിയ കോഹ്‌ലിക്ക് വളരെയധികം സമ്മർദ്ദമുണ്ടായി, മാധ്യമവിചാരണകൾ നേരിടേണ്ടി വന്നു. ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഇതൊക്കെ കോഹ്‌ലിക്ക് മറികടക്കാമായിരുന്നു. പക്ഷേ നിങ്ങൾ രാജ്യത്തിനു പുറത്താണെങ്കിൽ ടീമിന്റെ ഫോം വീണ്ടെടുക്കാൻ നന്നായി പരിശ്രമിക്കേണ്ടി വരും. വിരാട് കോഹ്‌ലി ഈ ഭാരം താങ്ങുമോ അതോ ഇന്ത്യയ്ക്ക് ഈ സാഹചര്യത്തിൽ ചിലപ്പോൾ മറ്റൊരു മികച്ച ക്യാപ്റ്റനെ ലഭിച്ചേക്കുമോ, എനിക്കറിയില്ല”-സ്മിത്ത് പറഞ്ഞു.

”വിരാട് കോഹ്‌ലി മികച്ച കളിക്കാരനാണെന്ന് നമുക്കെല്ലാം അറിയാം. ക്രിക്കറ്റിനോടുളള കോഹ്‌ലിയുടെ തീവ്രമായ ഇഷ്ടം അദ്ദേഹത്തിന്റെ കരിയറിൽ വലിയ വ്യക്തിഗത നേട്ടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. ആ ഇഷ്ടമാണ് കോഹ്‌ലിയിൽനിന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നത്. എന്നാൽ ക്യാപ്റ്റനായാൽ ചില സമയത്ത് മറ്റു കളിക്കാർക്കും നിങ്ങൾ മാതൃകയാവുന്നുണ്ടോയെന്നു നോക്കണം. അതിൽ കോഹ്‌ലി ഇനിയും വളരേണ്ടതുണ്ട്. ചില സമയത്തെ കോഹ്‌ലിയുടെ പെരുമാറ്റം ടീമിനെ നെഗറ്റീവായി ബാധക്കാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്” സ്മിത്ത് അഭിപ്രായപ്പെട്ടു.

”കോഹ്‌ലിക്ക് എല്ലാ കഴിവുകളുമുണ്ട്. സ്വന്തം പ്രകടനത്തെക്കുറിച്ച് നന്നായി അറിയാം, ഫീൽഡിൽ മറ്റുളളവരിൽനിന്നും വളരെ വ്യത്യസ്തനാണ്. പക്ഷേ നല്ലൊരു ക്യാപ്റ്റനായി മാറണമെങ്കിൽ ടീം അംഗങ്ങൾക്ക് അദ്ദേഹത്തോട് എന്തും സംസാരിക്കാൻ ആവണം, അദ്ദേഹത്തെ ചിന്തിപ്പിക്കാൻ കഴിയണം, ചില ഘട്ടത്തിൽ അദ്ദേഹത്തെ വെല്ലുവിളിക്കാൻ സാധിക്കണം. ഇതൊക്കെ അദ്ദേഹത്തെ രോഷാകുലനാക്കുകയോ അക്രമാസക്തനാക്കുകയോ ചെയ്യരുത്. മറിച്ച് അദ്ദേഹത്തെ ചിന്തിപ്പിക്കണം, മറ്റു സാധ്യതകളിലേക്ക് അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിക്കണം, അത് അയാളെ നല്ലൊരു ക്യാപ്റ്റനാക്കി മാറ്റും” സ്മിത്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ