രഞ്ജി ട്രോഫി കളിക്കാതിരിക്കാനുള്ള താരങ്ങളുടെ വ്യക്തി താത്പര്യത്തെ വിമർശിക്കരുതെന്ന് മുൻ ഇന്ത്യൻ നായകൻ കൂടിയായ എം എസ് ധോണി. ക്രിക്കറ്റ് താരങ്ങൾ അവരെ ഫോമിൽ നിലനിർത്തേണ്ടത് അത്യവശ്യമാണെന്നും ധോണി കൂട്ടിച്ചേർത്തു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധോണി.

“ആഭ്യന്തര ക്രിക്കറ്റ് ഇത്രത്തോളം വെല്ലുവിളി നിറഞ്ഞതാക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ ടി20 ക്രിക്കറ്റിനെയും വിമർശിക്കുന്നത് ശരിയല്ല. താരങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകളെ വിമര്‍ശിക്കാന്‍ പാടില്ല,” ധോണി പറഞ്ഞു.

ധോണി ഉൾപ്പടെ പല മുതിർന്ന താരങ്ങളും രഞ്ജി ട്രോഫിയിൽ നിന്നും മാറി നിന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ സാഹചര്യത്തിലാണ് ധോണിയുടെ പരാമർശം.

ശിഖർ ധവാൻ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം കണ്ടെത്തിയിരുന്നില്ല, എന്നാൽ അതേസമയം രഞ്ജി ട്രോഫിയിൽ നിന്നും മാറി നിന്നു. അമ്പാട്ടി റയ്ഡുവാകട്ടെ ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു റയ്ഡുവിന്റെ വിരമിക്കൽ.

ഗവാസ്കറിന്രെ വിമർശനം ഇങ്ങനെയായിരുന്നു, ”ധോണി ഓസ്‌ട്രേലിയയില്‍ ട്വന്റി-20 കളിച്ചില്ല. അതിന് മുമ്പ് വിന്‍ഡീസിനെതിരെ ടെസ്റ്റും കളിച്ചില്ല, ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റിലും കളിക്കില്ല. അതായത് അദ്ദേഹം അവസാനമായി കളിച്ചത് ഒക്ടോബറിലാണ്. ഇനി കളിക്കുക അടുത്ത വര്‍ഷം ജനുവരിയിലാണ്. അത് വലിയൊരു ഗ്യാപ്പാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും കളിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം വരെ ആശങ്കയിലാവും.”

”പ്രായം കൂടുകയും കളിക്കുന്നത് കുറയുകയും ചെയ്താല്‍ റിഫ്‌ളക്‌സും പതിയെ കുറയും. ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ ദീര്‍ഘ ഇന്നിങ്‌സുകള്‍ കളിക്കാനാകും. അതൊരു നല്ല പ്രാക്ടീസായിരിക്കും” എന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook