ഫുട്ബോള്‍ ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേര് മെസിയുടേയോ റൊണാള്ഡോയുടേയോ അല്ല. അത് ലിവര്‍പൂളിന്റെ സെന്‍സേഷണല്‍ ഹീറോ മുഹമ്മദ് സലാഹ് എന്ന ഈജിപ്ത്യന്‍ സ്ട്രൈക്കറാണ്. മെസിയോടും ക്രിസ്റ്റിയാനോയോടുമാണ് സലാഹിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ സലാഹിനെ ഇതിഹാസതാരങ്ങളുമായി താരതമ്യം ചെയ്യരുതെന്നാണ് ലിവര്‍പൂള്‍ പരിശീലകന് ക്ലോപ്പ് പറയുന്നത്.
എഎസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയത് മുതില്‍ അപരാജിതനായി കുതിക്കുകയാണ് സലാഹ്. 44 കളികളില്‍ നിന്നും 32 ഗോളുമായി റെക്കോര്‍ഡ് പ്രകടനമാണ് സലാഹ് പുറത്തെടുത്തത്. ഗോള്‍ഡന്‍ ബൂട്ടും പ്ലെയര്‍ ഓഫ് ദ ഇയറും സലാഹിനെ തേടിയെത്തി. എന്നാല്‍ ഇപ്പോള്‍ തന്നെ സലാഹിനെ ക്രിസ്റ്റിയാനോയുമായി താരതമ്യം ചെയ്യരുതെന്നാണ് ക്ലോപ്പ് പറയുന്നത്.
റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ക്ക് അടുത്തെത്താന്‍ സലാഹിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും നാല് ചാമ്പ്യന്‍സ് ലീഗും രണ്ട് ലാ ലീഗയും മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളുമടക്കമുള്ള നേട്ടങ്ങള്‍ റൊണാള്‍ഡോയ്ക്കുണ്ടെന്നും ക്ലോപ്പ് പറയുന്നു. റൊണാള്‍ഡോയെക്കാള്‍ പതിനഞ്ച് സീസണ് പിന്നിലാണ് സലാഹ് എന്ന് ക്ലോപ്പ് പറയുന്നു.
”അവന് ഗംഭീരമായൊരു സീസണ് പൂര്‍ത്തിയാക്കുകയാണ്. പക്ഷെ ഇതുപോലെ പതിനഞ്ചെണ്ണം കളിച്ചയാളാണ് റൊണാള്‍ഡോ. എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര ഗോളുകളും നേടിയിട്ടുണ്ട്. എന്തിന് താരതമ്യം ചെയ്യണം. മെസിയും ക്രിസ്റ്റിയാനോയുമാണ് ഇന്ന് താരങ്ങള്‍. ബാലണ്‍ ദിയോര്‍ അവര്‍ പങ്കിട്ടെടുക്കുകയാണ്. അവര്‍ കളി അവസാനിപ്പിക്കുമ്പോള്‍ നമുക്കവരെ മിസ് ചെയ്യുമെന്നുറപ്പാണ്. അവരുമായി ഇപ്പോളെ സലാഹിനെ താരതമ്യം ചെയ്യരുത്,” ക്ലോപ്പ് പറയുന്നു.